തോമസ് ചാണ്ടിയുടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി; ഇന്ന് പൊതുദര്‍ശനത്തിന് വെക്കും

കൊച്ചി: അന്തരിച്ച മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും വിലാപയാത്രയായാണ് കൊണ്ടുപോയത്.

ടി.പി പീതാംബരന്‍, എ.കെ ശശീന്ദ്രന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

മന്ത്രി ഇ.പി ജയരാജന്‍, മുന്‍ മന്ത്രി കെ.ബാബു, മാണി സി. കാപ്പന്‍ എന്നിവരും നിരവധി പ്രവര്‍ത്തകരും കൊച്ചിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

ആലപ്പുഴയില്‍ എത്തി മൂന്ന് മണി മുതല്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ആലപ്പുഴയില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ടോടെ മൃതദ്ദേഹം കുട്ടനാട്ടിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചക്ക് രണ്ട് മണിക്ക് സെന്റ് പോള്‍സ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

അര്‍ബുദബാധയെ തുടര്‍ന്ന് പത്ത് വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച കടവന്തറയിലെ വസതിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

Top