കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍

thomas-chandy

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു.

ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ തടയണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയവും യുക്തി രഹിതവുമാണെന്നും മാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

അതേസമയം, തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. സാധാരണക്കാര്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ എന്നും കോടതി ആരാഞ്ഞു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിമര്‍ശനം.

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

തൃശ്ശൂര്‍ സ്വദേശി ടി എന്‍ മുകുന്ദനാണ് പരാതിക്കാരന്‍.

ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയ്ക്ക് ഹര്‍ജി എത്തിയെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു. മറ്റൊരു ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കൈയ്യേറ്റത്തിനു പുറമേ വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിയമ??ലംഘനങ്ങള്‍ വ്യക്തമാക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാന്‍ മടിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top