തോമസ് ചാണ്ടി അവധിയില്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്നാരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി ചികിത്സയ്ക്കായി അവധിയില്‍ പോകുന്നുവെന്ന് ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് മന്ത്രിയുടെ ഓഫീസ്.

അവധിക്ക് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയോ, വാക്കാല്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. റിസോര്‍ട്ട് പ്രശ്‌നത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ അവധിയില്‍ പ്രവേശിക്കുന്നു എന്ന രീതിയില്‍ ചിലര്‍ വാര്‍ത്ത ചമയ്ക്കുന്നത് നിക്ഷിപ്ത താത്പര്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അറിയിപ്പില്‍ പറഞ്ഞു.

നേരത്തെ, കായല്‍ കൈയേറി റിസോര്‍ട്ട് പണിതെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി അടുത്തമാസം ആദ്യം മുതല്‍ 15 ദിവസത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കൈയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനും തുടര്‍ചികിത്സയ്ക്കുമായാണ് തോമസ് ചാണ്ടി അവധിയെടുക്കുന്നതെന്നാണ് കാരണമായി പറയുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടി അനൗദ്യോഗികമായി സംസാരിച്ചതായും ദീപാവലിയുടെ അവധി ആയതിനാല്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം തോമസ് ചാണ്ടി അറിയിക്കുമെന്നും സൂചനകളുണ്ടായിരുന്നു.

Top