തിരുവനന്തപുരം: ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒടുവിൽ എൻസിപി നേതൃത്വം തീരുമാനമെടുത്തതോടെ എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിലേക്ക്.
സാധാരണ ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരാണ് തീരുമാനമെടുക്കാറുള്ളതെങ്കിലും എൻസിപിയുടെ കാര്യത്തിൽ ഇത്തവണ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയായിരിക്കും അന്തിമമായി നടപ്പാക്കുക.
എൻസിപിയുടെ മന്ത്രിയെ ആ പാർട്ടി തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സിപിഎമ്മിന് അകത്ത് തന്നെ ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയുണ്ട്.
വിവാദ സംഭാഷണത്തിൽപ്പെട്ട് ശശീന്ദ്രന് രാജിവയ്ക്കേണ്ടി വന്നൂവെങ്കിലും പതിവിൽ നിന്നും വ്യത്യസ്തമായി ആരോപണ വിധേയനു വേണ്ടി പൊതു സമൂഹത്തിൽ നിന്ന് അനുകൂല പ്രതികരണമുയര്‍ന്നു എന്നത് പോസറ്റീവായാണ് സർക്കാറും ഇടതുമുന്നണി നേതൃത്വങ്ങളും കാണുന്നത്.
പ്രതിപക്ഷത്തിന് പോലും ഇക്കാര്യത്തിൽ സർക്കാറിനെ കടന്നാക്രമിക്കാൻ കഴിയാത്ത രൂപത്തിൽ മാധ്യമ പ്രവർത്തകരടക്കം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ചാനൽ നടപടിയെ വിശേഷിപ്പിച്ചതും ഭരണപക്ഷത്തിന് അനുഗ്രഹമായി മാറി.
ഈ പശ്ചാത്തലത്തിൽ മൂന്ന് മാസം കാലാവധി പ്രഖ്യാപിച്ച് നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെ മുഖ്യമന്ത്രിയോ എൻസിപി നേതൃത്വം ആഗ്രഹിക്കുന്ന മറ്റേതെങ്കിലും മന്ത്രിക്കോ ചുമതല നൽകുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമായാൽ തിരിച്ച് മന്ത്രിയാക്കുമെന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് മൂന്ന് മാസത്തേക്ക് എന്തിനാണ് മന്ത്രിയെന്ന ചോദ്യം ഭരണപക്ഷത്ത് പ്രത്യേകിച്ച് സിപിഎമ്മിൽ ശക്തമാണ്.
പരസ്യമായി തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനടക്കമുള്ളവർ ആഗ്രഹിക്കുന്നതും ശശീന്ദ്രൻ തിരിച്ചു വരണമെന്നതാണ് .
ബുധനാഴ്ച റെയിൽവെ സ്റ്റേഷനിൽ വച്ച് മുഖ്യമന്ത്രി പിണറായിയെ കണ്ട ഉഴവൂരിന് തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനത്തെ കുറിച്ച് മുഖ്യമന്ത്രി ഒരുറപ്പും നൽകിയിട്ടില്ലന്നാണ് സൂചന.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയോട് തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ ഇടപെടണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സിപിഎം ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും ചാണ്ടിയോട് താൽപര്യമില്ലന്നതാണ് യാഥാർത്ഥ്യം.
ഇടത് മന്ത്രിസഭയുടെ പ്രതിച്ഛായക്ക് തന്നെ തോമസ് ചാണ്ടിയെ പോലുള്ള വൻകിട ബിസിനസ്സുകാരന്റെ കടന്നു വരവ് കാരണമാകുമെന്നാണ് പാർട്ടിക്കകത്തെ വിലയിരുത്തൽ.
കേരളത്തിൽ ഒറ്റക്ക് ഒരു പഞ്ചായത്ത് അംഗത്തെപോലും വിജയിപ്പിക്കാൻ ശക്തിയില്ലാത്ത എൻസിപിക്ക് രണ്ട് എംഎൽഎ സ്ഥാനം കിട്ടിയത് തന്നെ പാർട്ടിയുടെ പിന്തുണ കൊണ്ടാണെന്നും മന്ത്രി സ്ഥാനത്തിന് വാശി പിടിക്കുന്നത് ശരിയല്ലന്നുമുള്ള നിലപാട് സിപിഎം അണികൾക്കിടയിലും വ്യാപകമായി ഉയർന്നിട്ടുണ്ട്.
സിപിഎം ശക്തികേന്ദ്രത്തിൽ ശശീന്ദ്രൻ വിജയിച്ചത് ചൂണ്ടി കാണിക്കുന്ന പ്രവർത്തകർ മഹാരാഷ്ട്രയിൽ സിപിഎമ്മിനോട് എൻസിപി എന്ത് സമീപനമാണ് സ്വീകരിച്ചത് എന്നത് കൂടി പരിശോധിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്.
സിപിഐ ഒഴികെ ഇടതു മുന്നണിയിലെ മറ്റെല്ലാ ഘടകകക്ഷികൾക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ഒറ്റക്ക് ജയിക്കാൻ ശേഷിയില്ലന്നിരിക്കെ പിടിവാശിക്ക് വഴങ്ങരുതെന്നാണ് പ്രവർത്തകരുടെ വികാരം.
മുഖ്യമന്ത്രി പിണറായി വിജയനിലാണ് ഇവരുടെ സകല പ്രതീക്ഷകളും. സിപിഎം വോട്ട് കൊണ്ട് മാത്രം നിലനിൽക്കുന്ന പാർട്ടികൾക്ക് മറ്റൊരു മുന്നണിയും നൽകാത്ത പരിഗണനയാണ് ഇടതു മുന്നണി നൽകുന്നതെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
തോമസ് ചാണ്ടി എന്ന കോടീശ്വരൻ തൊഴിലാളി വർഗ്ഗ പാർട്ടി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ അംഗമായാൽ സാധാരണ ജനങ്ങൾക്കിടയിൽ അത് സി പി എമ്മിന്റെയും സർക്കാറിന്റെയും പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന പൊതുവികാരം മുഖ്യമന്ത്രി കണക്കിലെടുത്താൽ എൻസിപിയുടെ താൽപര്യം തകർന്നടിയും.
മുഖ്യമന്ത്രി കർക്കശ നിലപാട് സ്വീകരിച്ചാൽ ഈ കാര്യത്താൽ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കും വാശി പിടിക്കാൻ കഴിയില്ല.
പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സ്വയം മന്ത്രി പ്രഖ്യാപനവും വകുപ്പ് പ്രഖ്യാപനവും നടത്തിയ തോമസ് ചാണ്ടിയുടെ കാര്യത്തിൽ.
മൂന്ന് മാസം കഴിഞ്ഞാൽ ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിക്കുന്ന സാഹചര്യമുണ്ടാകുകയാണെങ്കിൽ മൂന്ന് മാസത്തേക്ക് മാത്രമായി തന്റെ മന്ത്രിസഭയിൽ ഒരു മന്ത്രിയെ എന്തിനാണെന്ന ചോദ്യം പിണറായി എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനോട് ചോദിച്ചതായും സൂചനയുണ്ട്.
ഇത് പിന്നീട് എൻസിപിയിൽ തന്നെ തർക്കത്തിന് കാരണമാകുമെന്നും സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നുമുള്ള വിലയിരുത്തലും മുഖ്യമന്ത്രിക്കുണ്ടത്രെ.