ആലപ്പുഴ : ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഒരു ചാനല്‍ ഏറ്റെടുത്ത് വാര്‍ത്ത നല്‍കിയതാണ് തന്നെ കുഴപ്പത്തിലാക്കിയതെന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടി.
ഏഷ്യാനെറ്റിനെ പരാമര്‍ശിച്ചായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.
മറ്റു ചാനലുകള്‍ ഈ വാര്‍ത്ത പിന്നീട് ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തൊണ്ണൂറ് ശതമാനവും തെറ്റാണ്, ആരോപണങ്ങളില്‍ ഒരു ശതമാനംപോലും സത്യങ്ങളില്ലന്നും വ്യാഴാഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ചാണ്ടി വ്യക്തമാക്കി.
ഹൈക്കോടതി പരാമര്‍ശം വന്നതിനു ശേഷമാണ് സി.പി.ഐ രാജി ആവശ്യം ശക്തമായി ഉന്നയിച്ചത്. സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ല.
സി.പി.ഐയെ ആരെങ്കിലും നിര്‍ബന്ധിച്ച് കളക്ടറെ കൊണ്ട് റിപ്പോര്‍ട്ട് കൊടുപ്പിച്ചതാണോയെന്ന് അറിയില്ലന്നും തോമസ് ചാണ്ടി ചൂണ്ടിക്കാട്ടി.
എനിക്ക് റിസോര്‍ട്ടുള്ള സ്ഥലത്ത് സ്ഥലമില്ല, കീഴുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ് റിപ്പോര്‍ട്ടായി പുറത്തുവന്നത്. ഈ ഹൈക്കോടതി പരാമര്‍ശമാണ് ഇപ്പോള്‍ രാജിക്ക് കാരണമായത്.
അഞ്ച് ദിവസം മുമ്പ് വരെ രാജിയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ലന്നും തോമസ് ചാണ്ടി പറഞ്ഞു.
ആലപ്പുഴയിലെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും നേരത്തെ തോമസ് ചാണ്ടി പറഞ്ഞിരുന്നു.
രാജി വയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, സിപിഐയുടെ നിലപാട് കാരണമാണ് പെട്ടെന്നുള്ള രാജിയെന്നും ചാണ്ടി വ്യക്തമാക്കി.
എന്‍.സി.പിയ്ക്കായി മന്ത്രി സ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞതായും അദ്ദേഹം അറിയിച്ചു.
ആദ്യം കുറ്റ വിമുക്തനാകുന്നയാള്‍ മന്ത്രിയാകും. ശശീന്ദ്രന്‍ മന്ത്രിയായാല്‍ സന്തോഷമേയുള്ളൂവെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
എന്‍സിപി നേതൃയോഗത്തിലാണ് തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച തീരുമാനമുണ്ടായത്.
എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനാണ് തോമസ് ചാണ്ടിയുടെ രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രി കൈമാറിയ രാജി കത്ത് ഗവര്‍ണര്‍ സ്വീകരിച്ചു.
എന്‍സിപി കേന്ദ്രനേതൃത്വവും ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.