പത്തനംതിട്ട: തോമസ് ചാണ്ടിക്ക് വേണ്ടി പത്തനംതിട്ട സീറ്റിന് ആവശ്യം ഉന്നയിച്ച് തോമസ് ചാണ്ടി എന്‍സിപി. പാര്‍ട്ടി നേതൃത്വം സിപിഎമ്മുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി പി പീതാബരന്‍ മാസ്റ്ററും മന്ത്രി എ കെ ശശീന്ദ്രനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഇടുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനേയും കണ്ട് ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഇടുതുമുന്നണിക്ക് കത്തും നല്‍കി.
മന്ത്രിസ്ഥാനത്തുനിന്ന് പുറത്തായ സാഹചര്യത്തില്‍ കേന്ദ്രത്തിലൊരു കസേര ഒപ്പിക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം. പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകള്‍ ഇടത്തേക്ക് അടുപ്പിക്കാന്‍ തോമസ് ചാണ്ടിക്ക് ആകുമെന്നാണ് എന്‍സിപിയുടെ അവകാശവാദം. മാര്‍തോമാ സഭയുടെ പിന്തുണയും ഇവര്‍ ഉറപ്പുപറയുന്നുണ്ട്. പകരം മഹാരാഷ്ട്രയില്‍ സിപിഎമ്മിന് വിജയസാധ്യതയുള്ള ഒരു സീറ്റ് വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. സിപിഎം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം.