‘പ്രളയകാലത്ത് മേയര്‍ പ്രശാന്ത് എവിടെയായിരുന്നു’ ; മറുപടിയുമായി തോമസ് ഐസക്ക്

തിരുവനന്തപുരം : വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ ആരോപണത്തില്‍ മറുപടിയുമായി ധനമന്ത്രി ടിഎം തോമസ് ഐസക്ക്.

2018 ലെ പ്രളയകാലത്ത് വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പത്ര കുറിപ്പുകള്‍ അടക്കം വച്ചാണ് ധനമന്ത്രിയുടെ മറുപടി. വട്ടിയൂര്‍ക്കാവില്‍ ഈ നെഞ്ചിടിപ്പെങ്കില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും അവസ്ഥയെന്തായിരിക്കും വട്ടിയൂര്‍ക്കാവില്‍ ഒന്നും രണ്ടും സ്ഥാനത്താണവര്‍, കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി. പക്ഷേ, ഇക്കുറി വി കെ പ്രശാന്തിനു മുന്നില്‍ ഇരുവരുടെയും മുട്ടിടിക്കുകയാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

2018ലെ പ്രളയകാലത്ത് മേയര്‍ എവിടെയായിരുന്നു എന്നാണ് ഇപ്പോഴവര്‍ക്ക് അറിയേണ്ടത്. അതിനു മറുപടി പറയാം എന്ന് തുടങ്ങുന്നതാണ് ധനമന്ത്രിയുടെ പോസ്റ്റ്.

ധനമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ 2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് എവിടെയായിരുന്നു എന്ന് ചോദ്യം ഉയര്‍ത്തിയിരുന്നു. 2019 പ്രളയകാലത്ത് വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വട്ടിയൂര്‍കാവ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
വട്ടിയൂര്‍ക്കാവില്‍ ഈ നെഞ്ചിടിപ്പെങ്കില്‍ ഉപതിര‍ഞ്ഞെടുപ്പു നടക്കുന്ന മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന്‍റെയും ബിജെപിയുടെയും അവസ്ഥയെന്തായിരിക്കും? വട്ടിയൂര്‍ക്കാവില്‍ ഒന്നും രണ്ടും സ്ഥാനത്താണവര്‍, കഴി‍ഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി. പക്ഷേ, ഇക്കുറി വി കെ പ്രശാന്തിനു മുന്നില്‍ ഇരുവരുടെയും മുട്ടിടിക്കുകയാണ്. 2018ലെ പ്രളയകാലത്ത് മേയര്‍ എവിടെയായിരുന്നു എന്നാണ് ഇപ്പോഴവര്‍ക്ക് അറിയേണ്ടത്. അതിനു മറുപടി പറയാം. അതിനു മുമ്പൊരു കാര്യം.

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു. 2014ല്‍ 23.38 ശതമാനം, 2016ല്‍ 29.50, 2019ല്‍ 21.69 എന്നിങ്ങനെയായിരുന്നു ഈ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്‍റെ വോട്ടുവിഹിതം. ഈ മൂന്നു തിര‍ഞ്ഞെടുപ്പുകളിലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം യുഡിഎഫും ബിജെപിയുമാണ്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, ഇരുകൂട്ടരുടെയും പൊതുശത്രു നിലവിലെ മൂന്നാംസ്ഥാനത്തുള്ള എല്‍ഡിഎഫാണ്. എന്തൊരു ആവേശത്തിലാണ് പ്രശാന്തിനെ ഇരുകൂട്ടരും ചേര്‍ന്ന് ആക്രമിക്കുന്നത്? അതിനര്‍ത്ഥം രണ്ടു മുന്നണികളുടെയും ക്യാമ്പുകളില്‍ പ്രശാന്ത് ഭയം വിതച്ചു കഴി‍ഞ്ഞു എന്നാണ്. അതുകൊണ്ടാണ് രാഷ്ട്രീയം മറന്ന്, പിച്ചും പേയും പറയുന്നത്. സമനില തെറ്റിയതിന്‍റെ ലക്ഷണമാണ് 2018ലെ പ്രളയകാലത്ത് മേയറെവിടെപ്പോയിരുന്നു എന്നൊക്കെയുള്ള അസംബന്ധ ചോദ്യങ്ങള്‍.

2018ലെ പ്രളയകാലത്ത് പ്രശാന്ത് എവിടെ ആയിരുന്നുവെന്നല്ലേ അറിയേണ്ടത്? മറുപടി പറയാം. 410 സന്നദ്ധ പ്രവർത്തകർ , 2 സക്കിങ് മെഷീനുകൾ ,3 ജനറേറ്ററുകൾ , 4 വാട്ടർ പമ്പുകൾ , നിരവധി ഫോഗിങ് മെഷീനുകളും , പവർ സ്പ്രേയറുകളും , 2 വാട്ടർ ടാങ്കറുകൾ , 2 ടിപ്പർ ലോറി, ഒരു പിക്അപ് ഓട്ടോറിക്ഷ , ഒരു ലോറി നിറയെ പണിയായുധങ്ങളും ശുചീകരണ സാമഗ്രികളും , അൻപത് പേരടങ്ങുന്ന മെഡിക്കൽ സംഘവും 2 ലോറി നിറയെ മരുന്നുമടങ്ങുന്ന സന്നാഹത്തെ നയിച്ച് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് റാന്നി പട്ടണത്തിലെത്തിയത് 2018 ഓഗസ്റ്റ് 22നാണ്. ഒപ്പം, ഡെപ്യൂട്ടി മേയറും ,സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരും അടങ്ങുന്ന നേതൃനിര. തിരുവനന്തപുരം കോര്‍പറേഷനിലെ എല്‍ഡിഎഫിന്‍റെ നേതൃനിര 2018ലെ പ്രളയത്തിലും സജീവമായിരുന്നു.

പ്രളയം മൂലം ദുരിതത്തിലായവരെ സഹായിക്കുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്നും തലസ്ഥാനവാസികൾ ഒന്നടങ്കം തയാറായി. അതിന്‍റെ ഭാഗമായാണ് മാലിന്യവും ചെളിയും കൊണ്ട് മൂടിയ റാന്നിയിലെ വീടുകൾ വൃത്തിയാക്കാനായി മേയർ പ്രശാന്തിന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ സംഘമെത്തിയത്തിയത്. പ്രളയ ബാധിത മേഖലകളിൽ ശുചീകരണത്തിനായി സർവ്വ സന്നാഹവുമായി എത്തിയ ആദ്യ സംഘവും ഇതായിരുന്നു . മൂന്നു ദിവസം ക്യാമ്പ് ചെയ്ത് റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലായി 350 വീടുകളും പെരുമ്പുഴ ബസ് സ്റ്റാൻഡും പഞ്ചായത്ത് ഓഫീസും ശുചിയാക്കിയാണ് പ്രശാന്തും സംഘവും മടങ്ങിയത് . ആലപ്പുഴയിൽ നടന്ന മെഗാ ക്ലീനിങ്ങിലും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂർ ബാബുവിന്റെ നേതൃത്വത്തിൽ അൻപതു പേരടങ്ങുന്ന തിരുവനന്തപുരം ടീം എത്തിയിരുന്നു. ഈ ടീമിനെ എസ്ഡി കോളജില്‍ ഞാനാണ് സ്വീകരിച്ചത്.

2018ലും പേമാരി പ്രളയമായി മാറിത്തുടങ്ങിയപ്പോൾ തന്നെ തിരുവനന്തപുരം നഗര സഭാ ഓഫീസിനു മുൻവശത്തു ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൌണ്ടർ തുറന്നു. അതിനു പുറമേ നഗരത്തിലെ 18 കേന്ദ്രങ്ങളിൽ പ്രത്യേക ഏക ദിന കൗണ്ടറുകളും ഈ ആവശ്യത്തിലേക്കായി തുറന്നു. ഈ കൗണ്ടറുകളിലൂടെ ശേഖരിച്ച 54 ലോഡ് സാധനങ്ങൾ ദുരിത ബാധിത മേഖലകളിലേക്ക് ആവശ്യാനുസരണം എത്തിച്ചു. തൃശൂർ, കട്ടപ്പന, അടൂർ,ആലപ്പുഴ,ചെങ്ങന്നൂർ, വൈക്കം,ഹരിപ്പാട്, കായംകുളം,ചങ്ങനാശ്ശേരി തുടങ്ങി പ്രളയം ബാധിച്ച എല്ലാ സ്ഥലങ്ങളിലേക്കും നഗര സഭാ വാഹനങ്ങൾ ആശ്വാസവുമായെത്തി . ഏറ്റവും ഒടുവിൽ കുട്ടനാട്ടിൽ ശുചീകരണ സാമഗ്രികളും ബ്ലീച്ചിങ് പൗഡറും ആവശ്യമുണ്ടെന്നറിഞ്ഞു അതും എത്തിച്ചു. അടിയന്തിര സാഹചര്യം മുന്നിൽ വന്നപ്പോൾ ലഭ്യമായ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സാധ്യമായതെല്ലാം ചെയ്യാൻ അന്നും പ്രശാന്ത് മുന്‍നിരയിലുണ്ടായിരുന്നു.

2018ല്‍ ചെയ്ത അതേ കാര്യം തന്നെയാണ് 2019ലും ചെയ്തത്. ആ മഹാപ്രയത്നത്തില്‍ മേയറോടൊപ്പം ജനപ്രതിനിധികളും ജീവനക്കാരും ഗ്രീൻ ആർമിയും, സന്നദ്ധപ്രവർത്തകരും സുമനസുകളായ നഗരവാസികളുമെല്ലാമുണ്ടായിരുന്നു. അന്നുണ്ടാക്കിയ കൂട്ടായ്മ 2019ലും തുടരുകയായിരുന്നു.

2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയറെവിടെയായിരുന്നു എന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ഈ മറുപടി പറയാന്‍ കഴിയും. പക്ഷേ, ഈ ചോദ്യം ഉന്നയിക്കുന്നവരെവിടെയായിരുന്നു? അതിനും വേണമല്ലോ മറുപടി.

പ്രളയകാലത്തു മാത്രമല്ല, മേയര്‍ ഉണര്‍ന്നിരുന്നത്. മാലിന്യവിമുക്ത തിരുവന്തപുരത്തിനു വേണ്ടിയുള്ള പ്രശംസനീയമായ പ്രവര്‍ത്തനത്തിനും പ്രശാന്തിന്‍റെ നേതൃത്വമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തിരുവനന്തപുരത്തെ എംഎല്‍എമാരുടെ പങ്ക് എന്തായിരുന്നു എന്നും വേണമെങ്കില്‍ നമുക്കു ചര്‍ച്ച ചെയ്യാം. യുഡിഎഫിന്‍റെ എംഎല്‍എമാരാണല്ലോ നഗരത്തിലുള്ളത്. ഇങ്ങനെയൊരു പാര്‍ടിസാന്‍ ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെങ്കിലും ഞങ്ങളെ നിര്‍ബന്ധിതരാക്കുകയാണ് യുഡിഎഫ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, മാലിന്യവിമുക്ത തിരുവനന്തപുരത്തിനു വേണ്ടിയുള്ള യത്നങ്ങളിലും തങ്ങളുടെ എംഎല്‍എമാരുടെ പങ്കെന്തായിരുന്നു എന്ന് യുഡിഎഫ് വിശദീകരിക്കണം.

Top