ഗാന്ധിജിയ്ക്ക് ഗോഡ്‌സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു: തോമസ് ഐസ്‌ക്

തിരുവനന്തപുരം; പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലയ വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ അക്രമി വെടിയുതിര്‍ത്ത സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ത്തന്നെ ജാമിയാ മിലിയയിലെ സമരക്കാര്‍ക്കെതിരെ വെടിയുണ്ട പാഞ്ഞതില്‍ അത്ഭുതമില്ല. സംഘപരിവാര്‍ ഇന്ത്യയില്‍ വിതയ്ക്കുന്ന വെറുപ്പിന്റെ വിളവെടുപ്പ് ഇങ്ങനെയായിരിക്കും എന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ജെഎന്‍യുവില്‍ ഒരു സംഘം ഗുണ്ടകളാണ് സമരക്കാര്‍ക്കെതിരെ അഴിഞ്ഞാടിയതെങ്കില്‍ ഇവിടെ തോക്കേന്തിയ ഗുണ്ട ഒറ്റയ്‌ക്കെത്തിയാണ് അക്രമം അഴിച്ചിവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹി പൊലീസിന്റെ നിഷ്‌ക്രിയമായ പ്രവൃത്തിയേയും തോമസ് ഐസക് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.പതിവുപോലെ പൊലീസ് നോക്കി നിന്നു. അക്രമിയെ കീഴ്‌പ്പെടുത്താനോ പിന്തിരിപ്പിക്കാനോ ആക്രമിക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനോ പൊലീസ് തയ്യാറായില്ല എന്നാണ് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ആശയങ്ങള്‍ക്കുള്ള ശിക്ഷ വെടിയുണ്ടയാണ് എന്ന തീര്‍പ്പിലേയ്ക്ക് ഒരു സംഘപരിവാറുകാരനെ എത്തിക്കുന്ന പ്രക്രിയയുണ്ട്. ആ പ്രക്രിയയാണ് മോദിയും അമിത്ഷായും യോഗി ആദിത്യനാഥുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മതസഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്‌സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു. എഴുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗോഡ്‌സെയുടെ പ്രേതം ജാമിയാ നഗറില്‍ തോക്കുമായി ഇറങ്ങി. മറുവശത്ത് സാധാരണക്കാരില്‍ സാധാരണക്കാരായ കുട്ടികളെന്നും അദ്ദേഹം പറഞ്ഞു.

വെടിയുതിര്‍ത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് രാജ്യംമെന്ന് പറഞ്ഞാണ് മന്ത്രി തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ത്തന്നെ ജാമിയാ മിലിയയിലെ സമരക്കാര്‍ക്കെതിരെ വെടിയുണ്ട പാഞ്ഞതില്‍ അത്ഭുതമില്ല. സംഘപരിവാര്‍ ഇന്ത്യയില്‍ വിതയ്ക്കുന്ന വെറുപ്പിന്റെ വിളവെടുപ്പ് ഇങ്ങനെയായിരിക്കും എന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണ്. തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോര്‍ത്തു നില്‍ക്കുന്ന ഒരു ഗുണ്ടാപ്പട അണിയറയില്‍ എപ്പോഴേ സജ്ജമാണ്.

ലക്ഷണമെല്ലാ കൃത്യമാണ്. ജയ് ശ്രീറാം വിളിച്ചായിരുന്നു വെടിവെപ്പ്. തോക്കേന്തിയവന്‍ ചൊരിഞ്ഞ ഓരോ വാക്കും വെറുപ്പിന്റെ വെടിയുണ്ടകളായിരുന്നു. ‘ഞാന്‍ തരാം സ്വാതന്ത്ര്യം’ എന്നാണയാള്‍ അലറിയതത്രേ. ആസാദി മുദ്രാവാക്യങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം ഓര്‍മ്മിക്കുക.

അക്രമിയും യുപിക്കാരനാണെന്ന് വാര്‍ത്തകള്‍.
പൌരത്വപ്രക്ഷോഭത്തിനെതിരെ രാജ്യത്തലയടിക്കുന്ന പ്രക്ഷോഭം തികച്ചും സമാധാനപരമാണ്. എവിടെയും അക്രമങ്ങളില്ല. പാട്ടുപാടിയും പ്രസംഗിച്ചും കലാപ്രകടനങ്ങള്‍ നടത്തിയുമാണ് സമരക്കാര്‍ തങ്ങള്‍ക്കനുകൂലമായ ജനകീയാഭിപ്രായം സ്വരൂപിക്കുന്നത്. സമരം സമാധാനപരമായതുകൊണ്ട് പോലീസിന് അധികം റോളില്ല.

എന്നാല്‍ ഈ സമരം സംഘപരിവാര്‍ അനുകൂലികളില്‍ സൃഷ്ടിക്കുന്ന അസഹിഷ്ണുത നോക്കൂ. തങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങളുയരുന്നതില്‍ വല്ലാത്ത അസ്വസ്ഥതയില്‍ പുകയുകയാണവര്‍. എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ഏതു സമയത്തുവേണമെങ്കിലും ഇക്കൂട്ടരാല്‍ ആക്രമിക്കപ്പെടാം. ജെഎന്‍യുവില്‍ ഒരു സംഘം ഗുണ്ടകളാണ് സമരക്കാര്‍ക്കെതിരെ അഴിഞ്ഞാടിയതെങ്കില്‍ ഇവിടെ തോക്കേന്തിയ ഗുണ്ട ഒറ്റയ്‌ക്കെത്തി.

പതിവുപോലെ പോലീസ് നോക്കി നിന്നു. അക്രമിയെ കീഴ്‌പ്പെടുത്താനോ പിന്തിരിപ്പിക്കാനോ ആക്രമിക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനോ പോലീസ് തയ്യാറായില്ല. നിഷ്‌ക്രിയത്വം കൊണ്ടാണ് പ്രോത്സാഹനം.

ധാബോല്‍ക്കറും പന്‍സാരയും കല്‍ബുര്‍ഗിയും ഗൌരി ലങ്കേഷും വെടിയേറ്റു വീണത് ഏതെങ്കിലും അക്രമസമരങ്ങളില്‍ ഭാഗഭാക്കായതുകൊണ്ടല്ല. അവരുടെ ആശയങ്ങളാണ് അക്രമികളെ അസ്വസ്ഥരാക്കിയത്. അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് തീരുമാനിക്കുന്ന ഒരു സംഘം ഗുണ്ടകള്‍ നാട്ടില്‍ സജീവമാണ്. ആശയങ്ങള്‍ക്കുള്ള ശിക്ഷ വെടിയുണ്ടയാണ് എന്ന തീര്‍പ്പിലേയ്ക്ക് ഒരു സംഘപരിവാറുകാരനെ എത്തിക്കുന്ന പ്രക്രിയയുണ്ട്. ആ പ്രക്രിയയാണ് മോദിയും അമിത്ഷായും യോഗി ആദിത്യനാഥുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.

മതസഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്‌സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു. എഴുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗോഡ്‌സെയുടെ പ്രേതം ജാമിയാ നഗറില്‍ തോക്കുമായി ഇറങ്ങി. മറുവശത്ത് സാധാരണക്കാരില്‍ സാധാരണക്കാരായ കുട്ടികള്‍.

വെടിയുതിര്‍ത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് രാജ്യം.

Top