thomas isaac-pension scheme

കൊച്ചി : സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. പെന്‍ഷന്‍ ഉറപ്പാക്കുന്നതോടൊപ്പം ഓരോ വര്‍ഷവും പെന്‍ഷന്‍ തുകയില്‍ 100 രൂപവീതം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം തന്നെ മുന്‍ഗണനാലിസ്റ്റില്‍ കയറിക്കൂടിയ അനര്‍ഹരെ ഒഴിവാക്കും. സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലും കാത്ത്‌ലാബും ഡയാലിസിസ് യൂണിറ്റും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഹരിത കേരളവും കര്‍ഷകത്തൊഴിലാളികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത അധ്യയനവര്‍ഷം 5000 കോടി രൂപ ചെലവിട്ട് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളിലെ എട്ടുമുതല്‍ പ്‌ളസ് വണ്‍ വരെയുള്ള ക്‌ളാസുകള്‍ ഹൈടെക് ആക്കും.

വരള്‍ച്ച നേരിടാന്‍ കുളങ്ങളും തോടുകളും ശുചീകരിച്ച് ഉപയോഗപ്രദമാക്കാനുള്ള കര്‍മപദ്ധതി ആവഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി ജനകീയമുന്നേറ്റം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നൂതന ആശയങ്ങളുണ്ടെങ്കിലും പണം ഇല്ലാത്തതാണ് മുന്‍പ് കേരളത്തില്‍ വികസനപദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ കാരണം.

എന്നാല്‍ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കൊപ്പം വികസനപദ്ധതികള്‍ക്കും പണം വായ്പയെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വായ്പാ തുക തിരിച്ചടയ്ക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെ്ന്നും തോമസ് ഐസക്ക് പറഞ്ഞു.

Top