തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുക്കുകയും ബ്രിട്ടീഷുകാര്‍ക്കു പരസ്യമായി പാദസേവ ചെയ്തുകൊടുക്കുകയും ചെയ്തവരുടെ കൈകളില്‍ രാജ്യഭരണം അമര്‍ന്നതിന്റെ നീറ്റലിലാണ് നാം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നതെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. ആരും ഒന്നും മറന്നിട്ടില്ല എന്ന് ആര്‍എസ്എസിനെ ഓര്‍മ്മപ്പെടുത്താനുള്ള ഏറ്റവും ഉചിതമായ സന്ദര്‍ഭമാകണം ഓരോ സ്വാതന്ത്ര്യദിനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ന് ദേശസ്‌നേഹത്തിന്റെ ചാമ്പ്യന്‍മാരായി അഭിനയിക്കുന്നവരുടെ തനിനിറം പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. ആര്‍എസ്എസ് മനപ്പൂര്‍വം മായിച്ചു കളയാന്‍ ശ്രമിക്കുന്ന ആ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാവണം നമ്മുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളെന്ന് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുക്കുകയും ബ്രിട്ടീഷുകാർക്കു പരസ്യമായി പാദസേവ ചെയ്തുകൊടുക്കുകയും ചെയ്തവരുടെ കൈകളിൽ രാജ്യഭരണം അമർന്നതിന്റെ നീറ്റലിലാണ് നാം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്. ആരും ഒന്നും മറന്നിട്ടില്ല എന്ന് ആർഎസ്എസിനെ ഓർമ്മപ്പെടുത്താനുള്ള ഏറ്റവും ഉചിതമായ സന്ദർഭമാകണം ഓരോ സ്വാതന്ത്ര്യദിനവും. ഇന്ന് ദേശസ്നേഹത്തിന്റെ ചാമ്പ്യൻമാരായി അഭിനയിക്കുന്നവരുടെ തനിനിറം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കേണ്ടതുണ്ട്. ആർഎസ്എസ് മനപ്പൂർവം മായിച്ചു കളയാൻ ശ്രമിക്കുന്ന ആ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലാവണം നമ്മുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ.
എന്താണ് സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന്റെ പങ്ക്? മറ്റാരുമല്ല, ആ സംഘടനയുടെ നേതാക്കൾതന്നെ വഞ്ചനയുടെ ചരിത്രം ഔദ്ധത്യത്തോടെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരോത്സുകനായി വന്ന ഒരു ചെറുപ്പക്കാരനെ ആർഎസ്എസ് സ്ഥാപകൻ നിഷ്ക്രിയനാക്കി മടക്കിയ ചരിത്രം സാക്ഷാൽ ഗോവൾക്കർ തന്നെ അഭിമാനത്തോടെ ചരിത്രത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ആ സംഭവം ഇങ്ങനെയായിരുന്നു. ഉപ്പുസത്യാഗ്രഹം നടക്കുന്ന സമയം. സമരത്തിൽ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ച ഒരു ചെറുപ്പക്കാരനോട് ഹെഡ്ഗേവാർ ചോദിക്കുന്നു. “നിന്റെ കുടുംബത്തെ ആരു നോക്കും?” രണ്ടു വർഷത്തേയ്ക്ക് വീട്ടുചെലവിനും പിഴയൊടുക്കുന്നതിനുമൊക്കയുള്ള പണവും സമാഹരിച്ചുവെച്ചിട്ടുണ്ടെന്ന് അയാളുടെ മറുപടി. എങ്കിൽ രണ്ടുവർഷത്തേയ്ക്ക് സംഘ പ്രവർത്തനങ്ങൾ ഏറ്റെടുക്കൂ എന്നായിരുന്നു ആർഎസ്എസ് നേതാവിന്റെ നിർദ്ദേശം. വീട്ടിൽ മടങ്ങിയെത്തിയ ആൾ സമരത്തിനോ സംഘപ്രവർത്തനത്തിനോ പോയില്ലെന്ന് ഗോവൾക്കർ അനുസ്മരിക്കുന്നു. (Shri Guruji Samagar Darshan, (collected works of Golwalkar in Hindi), Vol IV, Bharatiya Vichar Sadhana, Nagpur)
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ വീറോടെ എത്തിയ ഒരാളെ നിഷ്ക്രിയനാക്കി മടക്കി അയച്ച സംഭവം എന്തിനാണ് ഗോൾവാൾക്കറെപ്പോലൊരാൾ പ്രാധാന്യത്തോടെ രേഖപ്പെടുത്തി വെച്ചത്? സ്വാതന്ത്ര്യസമരത്തോടെകെയുള്ള തങ്ങളുടെ മനോഭാവം മറയില്ലാതെ പ്രകടിപ്പിക്കാൻ അവർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.
ക്വിറ്റ് ഇന്ത്യാ സമരകാലത്തും ഇതു തന്നെയായിരുന്നു സ്ഥിതി. അക്കാലത്ത് സംഘപ്രവർത്തകർക്കു തന്നെ ആർഎസ്എസിന്റെ നിഷ്ക്രിയത്വത്തോട് വെറുപ്പും മടുപ്പും തോന്നിയിരുന്നു എന്ന് ഗോൾവാൾക്കർ തന്നെയാണ് എഴുതിവെച്ചിട്ടുള്ളത്. സംഘ് നിഷ്ക്രിയരുടെ ആൾക്കൂട്ടമാണെന്നും അവരുടെ ഉദ്ഘോഷണങ്ങൾ അസംബന്ധമാണെന്നുമുള്ള തോന്നൽ സംഘത്തിനകത്തും വളർന്നുവെന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് ഗോൾവാൾക്കർ തന്നെയാണ്.
ആർഎസ്എസിന്റെ ബ്രിട്ടീഷ് വിധേയത്വം അക്കാലത്തെ സർക്കാർ രേഖകളിലും വ്യക്തമാണ്. രോഹ്തക്കിലെ രഹസ്യയോഗത്തിൽ പ്രസംഗിക്കവെ, ബ്രിട്ടീഷുകാർക്കെതിരല്ല, മുസ്ലിങ്ങൾക്കെതിരാണ് സംഘത്തിന്റെ സമരം എന്ന് നാഗ്പൂരിലെ ദാദാബായി വ്യക്തമാക്കിയ വിവരം അക്കാലത്തെ ആഭ്യന്തര വകുപ്പിന്റെ രേഖകളിലുണ്ട്. നിയമലംഘനപ്രസ്ഥാനത്തിൽ നിന്ന് ആർഎസ്എസ് വിട്ടുനിന്ന വിവരവും നിയമലംഘനത്തിരെയുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നിയമസംരക്ഷക പ്രവർത്തനങ്ങളിൽ ആർഎസ്എസുകാരെ പങ്കാളികളാക്കാമെന്ന നേതാക്കളുടെ വാഗ്ദാനവുമൊക്കെ അക്കാലത്തെ സർക്കാർ രേഖകളിൽ നിന്ന് വായിക്കാം.
ഇത്തരത്തിൽ പ്രത്യക്ഷമായിത്തന്നെ ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിനെതിരെ നിലപാടു സ്വീകരിച്ചിട്ടുണ്ട്.
ഇന്ന് തലതിരിച്ച് പതാക ഉയർത്തിയാണ് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ വാർത്തകളിൽ നിറഞ്ഞത്. ത്രിവർണ പതാകയെ ദേശീയപതാകയായി അംഗീകരിക്കാൻ സാധ്യമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ചരിത്രം ആർഎസ്എസിനുണ്ട്. സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തുവെങ്കിലും സ്വാതന്ത്ര്യം കിട്ടുമ്പോൾ കാവിക്കൊടിയെ ദേശീയപതാകയാക്കണമെന്ന് തിട്ടൂരം പുറപ്പെടുവിക്കാൻ ആർഎസ്എസിന് മടിയൊന്നുമുണ്ടായിരുന്നില്ല. National Flag എന്ന തലക്കെട്ടിൽ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ (1947 ജൂലൈ 17) ആണ് ഈ ആവശ്യം മുന്നോട്ടു വെച്ചത്. എന്നാൽ കോൺസ്റ്റിറ്റ്യൂവെന്റ് അസംബ്ലി ഈ ആവശ്യം നിഷ്കരുണം തള്ളിക്കളഞ്ഞു. പകരം ത്രിവർണപതാക ദേശീയപതാകയായി അംഗീകരിച്ചു. ത്രിവർണക്കൊടി തിന്മയുടെ പ്രതീകമാണെന്നും ഹിന്ദുക്കൾ അംഗീകരിക്കുകയില്ലെന്നുമായിരുന്നു ഓർഗനൈസറിലൂടെ ആർഎസ്എസിന്റെ മറുപടി. ദേശീയപതാകയിലെ ത്രിവർണ സങ്കൽപത്തെ തിന്മയെന്ന് അധിക്ഷേപിച്ചവരുടെ പിന്മുറക്കാർ ആ പതാക ഉയർത്തുമ്പോൾ തലകീഴായിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഈ ചരിത്രവസ്തുതകളെ വിശകലനം ചെയ്തുവേണം പുതിയ തലമുറ വളർന്നു വരേണ്ടത്. ഇന്ന് തീവ്രദേശീയതയുടെ അട്ടഹാസം മുഴക്കുന്നവർക്ക് സ്വാതന്ത്ര്യസമരകാലത്തെ ഒറ്റികൊടുത്ത ഭൂതകാലമുണ്ട് എന്ന തിരിച്ചറിവ് നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാകണം. ആ ലക്ഷ്യത്തോടെ തന്നെയാണ് സിപിഐഎം സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ബോധവത്കരണം പാർടി പ്രവർത്തനത്തിന്റെ ഭാഗമായി സിപിഐഎം ഗൌരവത്തോടെ ഏറ്റെടുക്കുകയാണ്.