തിരുവനന്തപുരം: ഗെയില്‍ വാതക പൈപ്പ് ലൈനിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്.
20 മീറ്റര്‍ വീതിയില്‍ ഭൂമി ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധനമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ഭൂമിക്ക് നിയന്ത്രണം വരുമ്പോള്‍ വിളവുകള്‍ക്കും മറ്റും ന്യായമായിട്ടുള്ള നഷ്ടപരിഹാരം നല്‍കുന്നുണ്ട്. മറിച്ച് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ആരുടെയെങ്കിലും വീടിന് നഷ്ടമോ അപകടമോ വരുന്നുണ്ടെങ്കില്‍ അതും പൂര്‍ണമായി പരിഹരിക്കാന്‍ തയ്യാറാണ്. എന്നാല്‍ പൈപ്പ് ലൈന്‍ വേണോ വേണ്ടയോയെന്നത് ഇനി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. കേരളത്തിലെ ജനങ്ങളോട് വോട്ട് ചോദിച്ചപ്പോള്‍ പ്രകടന പത്രികയില്‍ ഇക്കാര്യം വ്യക്തമാക്കി അംഗീകാരം നേടിയതാണെന്നും തോമസ് ഐസക് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രകൃതിവാതക പൈപ്പ് ലൈൻ കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവില്ല. കേരളം ഊർജ്ജ ദരിദ്രമായ സംസ്ഥാനമാണ്. അതുകൊണ്ട് നമ്മുടെ പ്രധാന വ്യവസായങ്ങൾ പലതും താപോർജ്ജത്തിന് താരതമ്യേന വളരെ ഉയർന്ന വിലയുള്ള ഫ്യൂയൽ ഓയിലിനെയും മറ്റും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. കൽക്കരി നമുക്ക് ഇല്ലല്ലോ. ഈ പശ്ചാത്തലത്തിലാണ് പ്രകൃതിവാതക ലഭ്യത കേരളത്തിലെ വ്യവസായവൽക്കരണത്തിന് വലിയ അനുഗ്രഹമായിത്തീരുക.
കെ.എസ്.ആർ.ടി.സി അടക്കം നഷ്ടത്തിലോടുന്ന പല സ്ഥാപനങ്ങളും ലാഭകരമാക്കാൻ പ്രകൃതിവാതക ലഭ്യത സഹായിക്കും. ഇതിലുപരി നഗരങ്ങളിലെ വീടുകളിലേയ്ക്ക് പൈപ്പു വഴി പാചകവാതകത്തിനു പകരം പ്രകൃതിവാതകം ലഭ്യമാക്കുന്നത് ജീവിത ചെലവ് കുറയ്ക്കാനും സഹായിക്കും.
ഏതാണ്ട് 15,000 കിലോമീറ്റർ ദൈർഘ്യം വരുന്ന ഇന്ത്യയിലെ പ്രകൃതിവാതക ഗ്രിഡിനോട് കേരളത്തിലെ എൽ.എൻ.ജി ടെർമിനലിനെ ബന്ധിപ്പിച്ചാൽ മാത്രമേ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ സംസ്ഥാനവിഹിതം നമുക്ക് ലഭിക്കൂ.
രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തേക്കാൾ വളരെ താഴ്ന്നവിലയാണ്. വില കുറഞ്ഞ പ്രകൃതിവാതകത്തിന്റെ സുലഭമായ ലഭ്യതയാണ് ഗുജറാത്തിലെയും ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെയും വ്യവസായക്കുതിപ്പിന് പിന്നിലെ ഒരു ഘടകം. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് ചിലർ കൊച്ചിയിൽ നിന്ന് മംഗലാപുരത്തേയ്ക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ മറ്റു സംസ്ഥാനങ്ങളിലെ വ്യവസായ കുത്തകകൾക്ക് ഇന്ധനം എത്തിക്കാനുള്ള ഗൂഡാലോചനയാണ് എന്നും മറ്റും പ്രചാരണം നടത്തുന്നത്.
പൈപ്പ് ലൈൻ ഇടുമ്പോഴുള്ള നഷ്ടപരിഹാരത്തെക്കുറിച്ചെല്ലാം സംവാദങ്ങളാകാം. പക്ഷെ കേരളത്തിന്റെ വികസനത്തിന് പ്രകൃതിവാതകം ആവശ്യമില്ലെന്ന വാദം ശുദ്ധഅസംബന്ധമാണ്.
പ്രകൃതിവാതകം കൊണ്ടുപോകുന്നതിന് ഏറ്റവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ മാർഗ്ഗം പൈപ്പ് ലൈനാണ്. അതുകൊണ്ടാണല്ലോ ഇറാൻ ഇന്ത്യാ ഉപഭൂഖണ്ഡത്തിലേയ്ക്ക് പൈപ്പ് ലൈൻ ഇടുന്നതിനുള്ള നിർദ്ദേശം മുന്നോട്ടു വച്ചത്. അമേരിക്കയുടെ കുതന്ത്രംമൂലമാണ് ഇന്ത്യയ്ക്ക് വലിയ കൈതാങ്ങായിരുന്ന ആ പദ്ധതി പൊളിഞ്ഞത്. ഇങ്ങനെ ലോകത്തെമ്പാടും സുരക്ഷിതമെന്നു കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈൻ ശൃംഖലയ്ക്ക് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങൾ വരുമ്പോൾ ഭൂഗർഭ ബോംബായി മാറുന്നതെങ്ങനെ? ഇവിടെയാണ് ചില എസ്.ഡി.പി.ഐ പോലുള്ള ചില വര്‍ഗ്ഗീയ പ്രസ്ഥാനങ്ങൾ പോപ്പുളിസ്റ്റ് മുദ്രാവാക്യങ്ങളുയർത്തി ജനപിന്തുണ നേടാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ വെളിപ്പെടുന്നത്. ദേശീയപാതയുടെ വീതി കൂട്ടുന്നതിനും എം.ആർ വാക്സിനും അവർ എതിരാണ് . മതചിഹ്നങ്ങളെ ഈ പ്രക്ഷോഭങ്ങളിൽ ഉപയോഗപ്പെടുത്തി വർഗ്ഗീയമായി ചേരി തിരിക്കാനും അവര്‍ക്ക് മടിയില്ല. ഇത് അത്യന്തം അപകടകരമായ ഒരു പ്രവണതയാണ്.
ഗെയിൽ പൈപ്പ് ലൈനിന്റെ കാര്യത്തിൽ സർക്കാർ ഭൂമി ഏറ്റെടുക്കുന്നില്ല. 20 മീറ്റർ വീതിയിൽ ഭൂഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയേ ചെയ്യുന്നുള്ളൂ. വിളവുകൾക്കും മറ്റും ന്യായമായിട്ടുള്ള നഷ്ടപരിഹാരം നൽകുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട് . മറിച്ചാണ് ആരുടെയെങ്കിലും അഭിപ്രായമെങ്കിൽ അവ ചർച്ച ചെയ്യാം. ആരുടെയെങ്കിലും വീടിന് നഷ്ടമോ അപകടമോ വരുന്നുണ്ടെങ്കിൽ അതും പൂർണ്ണമായിട്ടും പരിഹരിക്കാൻ സർക്കാർ തയ്യാറാണ്. പക്ഷെ പൈപ്പ് ലൈൻ വേണോ വേണ്ടയോയെന്നത് ഇനി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. കേരളത്തിലെ ജനങ്ങളോട് വോട്ട് ചോദിച്ചപ്പോൾ മാനിഫെസ്റ്റോയിൽ വ്യക്തമാക്കി അംഗീകാരം നേടിയ നിലപാടാണിത് .