തിരുവനന്തപുരം: മസാല ബോണ്ട് കേസില്‍ എന്ത് ചെയ്യാന്‍ പാടില്ലായെന്ന് കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇഡിയുടെ പുതിയ സമന്‍സെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് ഇഡിയുടെ സമന്‍സിനു വിശദമായ മറുപടി നല്‍കി. ഇഡി വീണ്ടും ഇതേ ന്യായങ്ങള്‍ പറഞ്ഞ് സമന്‍സ് അയക്കുകയാണെങ്കില്‍ സംരക്ഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറല്‍ എവിഡന്‍സ് നല്കുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമന്‍സ്. ആദ്യം നല്‍കിയ രണ്ടു സമന്‍സുകള്‍ കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഹര്‍ജ്ജി പൂര്‍ണ്ണമായും ഹൈക്കോടതി അനുവദിക്കുകയാണ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച ഹര്‍ജികളില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ കോടതി അംഗീകരിച്ചു എന്നര്‍ത്ഥം.
എന്തെങ്കിലും നിയമ ലംഘനം, കുറ്റം ഉണ്ടെന്ന സാഹചര്യത്തിലേ അന്വേഷണം പറ്റൂ. അല്ലാതെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാന്‍ കഴിയുമോ എന്നു നോക്കി കാടും പടപ്പും തല്ലിയുള്ള അന്വേഷണം പാടില്ല എന്നു സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. തങ്ങള്‍ നടത്തുന്നത് പ്രാഥമിക അന്വേഷണമാണെന്ന ഇഡിയുടെ വാദത്തെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. അത്തരമൊരു അധികാരം ഫെമ നിയമം നല്‍കുന്നില്ല.ബഹുമാനപ്പെട്ട കോടതി എന്താണോ പാടില്ലെന്നു പറഞ്ഞത്, അതേ രീതി ആവര്‍ത്തിക്കുന്ന സമന്‍സ് പിന്‍വലിക്കണം എന്നാണ് ഇഡിയ്ക്ക് ഇന്നു കൊടുത്ത മറുപടിയിലെ ആവശ്യമെന്നും തോമസ് ഐസക് വ്യക്തമാക്കി.