‘പുതുപ്പള്ളിയിൽ സഹതാപം വോട്ടാകില്ല, ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടി’; തോമസ് ഐസക്ക്

കോട്ടയം : പുതുപ്പള്ളിയിൽ സഹതാപ തരംഗം വോട്ടാകില്ലെന്നും എൽഡിഎഫ് വിജയിക്കുമെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക്. ഇടത് സ്ഥാനാർത്ഥി ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടിയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

പുതുപ്പള്ളിയിൽ ഇടത് മുന്നണി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹതാപ തരംഗത്തിന്റെ ഒഴുക്കിലങ്ങ് വിജയിക്കാമെന്നായിരുന്നു നേരത്തെ യുഡിഎഫ് കരുതിയിരുന്നത്. പക്ഷേ തുടക്കത്തിലുള്ള സ്ഥിതി മാറി. ജനങ്ങൾക്ക് സഹതാപമുണ്ട്. പക്ഷേ അത് വോട്ടാകില്ല. ജനങ്ങൾ ഇവിടെ മണ്ഡലത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടിയാണ്. താരതമ്യമുണ്ടായാലോ എന്നാണ് ഭയക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തെ ഭയമില്ല. ചരിത്രത്തിൽ ഇത്രയേറെ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രിയില്ല. അദ്ദേഹം 24 ന് പുതുപ്പള്ളി മണ്ഡലത്തിലെത്തി പ്രസംഗിക്കുമെന്നും തോമസ് ഐസക്ക് വിശദീകരിച്ചു.

Top