പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിലൂടെ നികുതി വരുമാനം ഉയര്‍ന്നെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പുതുച്ചേരി ആഢംബര വാഹനങ്ങളുടെ വ്യാജ രജിസ്‌ട്രേഷന്‍ തട്ടിപ്പുകളെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നികുതി വരുമാനം ഉയര്‍ന്നതായി ധനമന്ത്രി തോമസ് ഐസക്.

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് രണ്ട് കേസുകള്‍ പുറത്തു വന്നപ്പോള്‍ തന്നെ സംസ്ഥാനത്തെ പല ഉന്നതരും നികുതി അടയ്ക്കാന്‍ തുടങ്ങിയെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ എല്ലാ മേഖലകളിലും നികുതി താഴേക്ക് പോയിരിക്കുകയാണെന്നും, എന്നാല്‍, മോട്ടോര്‍ വാഹന നികുതിയില്‍ മാത്രം 22 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, വാഹന വില്‍പ്പന കൂടിയതല്ല മറിച്ച് രജിസ്‌ട്രേഷന്‍ ഉയര്‍ന്നതാണ് വരുമാനം കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, നിയമ ലംഘനമാണ് നടത്തുന്നത് എന്ന് അറിയാതെയാണ് ആളുകള്‍ രജിസ്‌ട്രേഷന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതെന്നും, മനപൂര്‍വം നികുതി വെട്ടിക്കാനായി ചെയ്യുന്നതാണെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലക്ഷക്കണക്കിന് രൂപ ലാഭം കിട്ടുമെന്ന് അറിയുമ്പോള്‍ ആളുകള്‍ പ്രലോഭിതരാകുന്നതാണ് വ്യാജ രജിസ്‌ട്രേഷന്‍ കൂടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top