തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ധനമന്ത്രി തോമസ് ഐസക്ക്.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ മുഖാന്തിരം വീടുകളില്‍ എത്തിക്കേണ്ട പെന്‍ഷന്‍ തുകയാണ് ആദ്യം വിതരണം ചെയ്യുന്നത്.
ബാങ്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ ആവശ്യപ്പെട്ടിരിക്കുന്നവര്‍ക്ക് പത്താം തീയതി ബാങ്ക് അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്തു നല്‍കും. വിഷുവിനും ഈസ്റ്ററിനും മുമ്പേ അര്‍ഹരായ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു.
3702753 പേര്‍ക്കായി 1114 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്യുന്നത്. ക്രിസ്തുമസിന് 3359262 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കിയത്. അതിനേക്കാള്‍ 343491 പേര്‍ക്കാണ് ഇത്തവണ അധികമായി പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
പുതുതായി എന്റോള്‍ ചെയ്യപ്പെട്ടതില്‍ അര്‍ഹത നേടിയവരാണ് 37803 പേര്‍. വിവിധ കാരണങ്ങളാല്‍ നേരത്തേ പെന്‍ഷന്‍ വിതരണം മാറ്റിവച്ചിരുന്ന 305688 പേര്‍ക്കുകൂടി ഇത്തവണ പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്.
1929119 പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെന്‍ഷന്‍ നല്‍കും. 1773634 പേര്‍ക്ക് വീടുകളില്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. 355519 പേരുടെ പെന്‍ഷന്‍ വിതരണം വേണ്ടത്ര രേഖകളുടേയും മറ്റും അഭാവത്തില്‍ താല്‍ക്കാലികമായി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ 323410 പേര്‍ സത്യവാങ്മൂലമോ ഏതെങ്കിലും ഐ.ഡി പ്രൂഫോ സമര്‍പ്പിക്കാത്തവരാണ്.
വിവിധ കാരണങ്ങളാല്‍ പെന്‍ഷന്‍ അര്‍ഹത നേടാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പഞ്ചായത്തുതല അദാലത്ത് സംഘടിപ്പിക്കും. ഏപ്രില്‍ മാസത്തില്‍ത്തന്നെ ഈ അദാലത്തുകള്‍ നടത്താനാണ് നിര്‍ദ്ദേശിക്കുന്നത്.
ആവലാതിക്കാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കണം. പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി, ഒരു ഗസറ്റഡ് ഓഫീസര്‍ എന്നിവര്‍ അടങ്ങിയ സമിതി പരാതി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കും. ഈ തീരുമാനപ്രകാരം അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുന്നതായിരിക്കും.
ആവര്‍ത്തിച്ച് അവസരം നല്‍കിയിട്ടും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയോ സത്യവാങ്മൂലമോ സമര്‍പ്പിക്കാത്തതുമൂലമാണ് ഇവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയാത്തത്. വെല്‍ഫെയര്‍ ബോര്‍ഡുകള്‍ വഴി നല്‍കുന്ന പെന്‍ഷനുകളും ഇതേ സമയത്ത് വിതരണം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതാണ്.
422311 പേര്‍ക്കാണ് ക്ഷേമബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പെന്‍ഷന്‍ നല്‍കുന്ന ബോര്‍ഡുകള്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി 126 കോടിയും വിതരണം ചെയ്യുന്നതാണ്. ഇതില്‍ 158510 കര്‍ഷക പെന്‍ഷനും ഉള്‍പ്പെടുമെന്നും ധനമന്ത്രി അറിയിച്ചു.