തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ഇറക്കിയ ധവള പത്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ മുഖം തിരിച്ച് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് യുഡിഎഫ് ഇതൊരു രാഷ്ട്രീയ കളിയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
സാമ്പത്തിക പ്രതിസന്ധികാരണം സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടെന്ന പ്രതിപക്ഷ ആരോപണവും ധനമന്ത്രി തോമസ് ഐസക്ക് തള്ളിക്കളഞ്ഞു. വികസന പദ്ധതികള്‍ക്കായി 8000 കോടിയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ 6500 കോടിയുടെ വായ്പ വെട്ടിക്കുറച്ചു. വരാന്‍ പോകുന്ന മാസം 5000 കോടിയുടെ കുറവ് വരും.
പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഒരു അധിക ചെലവും സംസ്ഥാനത്തില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനമാനേജ്‌മെന്റിലെ വീഴ്ചയാണെന്നാണ് പ്രതിപക്ഷം ധവള പത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.
അതേസമയം രാജ്യം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതാണ് കേരളത്തില്‍ പ്രതിഫലിക്കുന്നതെന്നും സിപിഐ പറഞ്ഞിരുന്നു.