thomas issac against ramesh chennithala-not ban issue

ദില്ലി: നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്.

നോട്ട് നിരോധനം എന്താണെന്ന് ചെന്നിത്തല തന്നെ പഠിപ്പിക്കേണ്ടെന്ന് ഐസക് അഭിപ്രായപ്പെട്ടു. ചെന്നിത്തലയുടെത് ബിജെപി നിലപാടാണെന്നും കോണ്‍ഗ്രസ് ബിജെപിയുടെ ‘ബി’ ടീമാകരുതെന്നും തോമസ് ഐസക് പറഞ്ഞു.

കോണ്‍ഗ്രസ് കേരളത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് വിചിത്രമാണെന്ന് ഐസക് കുറ്റപ്പെടുത്തി. കേന്ദ്ര തീരുമാനത്തിനെതിരെ ഒന്നിച്ച് സമരം ചെയ്യാമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ന്യായീകരണങ്ങളുമായി എത്തിയിരിക്കുന്നത്.

ദില്ലിയില്‍ ജിഎസ്ടി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ഐസക്ക് ചെന്നിത്തലയ്‌ക്കെതിരെ തുറന്നടിച്ചത്.

നോട്ട് നിരോധനത്തില്‍ പ്രതിപക്ഷ നേതാവ് പറയുന്നത് എന്തെന്ന് ആരും അന്വേഷിക്കുന്നില്ല. വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചകളില്‍ പോലും കോണ്‍ഗ്രസ് നേതാക്കളെ കാണാനില്ല.

തങ്ങളുടെ തന്നെ ചെയ്തികളിലൂടെ അപ്രസക്തമായിക്കൊണ്ടിരിക്കുന്നതിന്റെ ജാള്യത മറയ്ക്കാനാണ് ഈ പ്രസ്താവനകള്‍’. ഐസക് അഭിപ്രായപ്പെട്ടു.

നോട്ടുപ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തോമസ് ഐസക് പറഞ്ഞു.

നോട്ടു പ്രതിസന്ധിയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തിന്റെ അളവ് കുറഞ്ഞെന്നും ഉത്പാദനമേഖല ബാധിച്ചെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തെ ശമ്പളവിതരണം താറുമാറായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചെന്നിത്തല ഉയര്‍ത്തിയത്.

നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നോട്ട് പ്രതിന്ധി ഉണ്ടാവുമെന്നും ശമ്പള വിതരണം മുടങ്ങുമെന്നുമുള്ള കാര്യം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു

Top