തിരുവനന്തപുരം: ഇന്ത്യയിലെ സാധാരണക്കാരുടെ പണമെല്ലാം മോദി സര്‍ക്കാര്‍ രണ്ടു മാസമായി ബാങ്ക് അറകളില്‍ തടവിലാക്കിയിരിക്കുകയാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.
2008 ലെ ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷം ബാങ്കുകളെ ഭാവിതകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന തന്ത്രവുമായി ഈ നടപടിക്ക് സാമ്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഭീമന് ബാങ്കുകളുടെ കടബാധ്യത മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണല്ലോ സാമ്പത്തിക മാന്ദ്യകാലത്ത് ചെയ്തത്. ഇതിനെയാണ് ബെയില്‍ഔട്ട് എന്നു പറയുന്നത്. ഇതുമൂലം സാധാരണ ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ വിശ്വാസം വര്‍ദ്ധിക്കുകയും തങ്ങളുടെ പണം പിന്‍വലിക്കുവാന്‍ തിരക്ക് കൂട്ടിയില്ല. എന്നാല്‍ കടഭാരംമൂലം സര്‍ക്കാരുകളുടെ നട്ടെല്ലൊടിഞ്ഞു. അതുകൊണ്ട് സാമ്പത്തിക വിദഗ്ദ്ധര്‍ ബെയില്‍ഔട്ട് അല്ല ഇനിമേല്‍ വേണ്ടത് ബെയില്‍ഇന്‍ ആണ് വേണ്ടത് എന്നു വാദിക്കുവാന്‍ തുടങ്ങി. അതായത് കിട്ടാക്കടം സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതിനു പകരം സാധാരണക്കാര്‍ തങ്ങളുടെ പണം പിന്‍വലിക്കുന്നത് നിയന്ത്രിക്കുക. 2013 സൈപ്രസിലാണ് ഇത്തരമൊരു പരീക്ഷണം നടത്തി നോക്കിയത്. അത് ലക്ഷ്യം നേടുകയും ചെയ്തു.
ബാങ്കുകളുടെ പണമെല്ലാം കോര്‍പ്പറേറ്റ് കള്ളപ്പണക്കാര്‍ വാരിക്കോരി കൊണ്ടുപോയി. റിസര്‍വ്വ് ബാങ്കിന്റെ 2016 ലെ അസറ്റ് ക്വാളിറ്റി റിവ്യൂ പ്രകാരം 8.5 ലക്ഷം കോടി രൂപ കിട്ടാക്കടമാണ്. ഇതില്‍ 7 ലക്ഷം കോടി രൂപ ഇന്ത്യയിലെ 10 പ്രമുഖ കുത്തക കുടുംബങ്ങളുടേതാണത്രേ. 201415 ല്‍ 1.12 ലക്ഷം കോടി രൂപ എഴുതിത്തള്ളിയശേഷമുള്ള സ്ഥിതിയാണിത് ഇതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു.