കൊച്ചി: അടിമലത്തുറ സന്ദര്‍ശനത്തില്‍ തന്നെ ആരും തടഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും ധനമന്ത്രി തോമസ് ഐസക്ക്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ദുരന്തബാധിതര്‍ക്ക് എത്രയും വേഗം സഹായമെത്തിക്കണമെന്നും അതിന് മാത്രമാണ് മുന്‍ഗണനയെന്നും പറഞ്ഞ അദേഹം രാവിലത്തെ സന്ദര്‍ശനത്തിന്റെ വീഡിയോയും ഫേസ്ബുക്കില്‍ നല്‍കിയിട്ടുണ്ട്.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…..
രാവിലെ പൊഴിയൂരും അടിമലത്തുറയും സന്ദര്‍ശിച്ച വാര്‍ത്ത മംഗളത്തില്‍ കണ്ടു. ഇങ്ങനെയാണ് റിപ്പോര്‍ട്ടെങ്കില്‍, പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളേ, നിങ്ങളോടു സഹതപിക്കുകയല്ലാതെ വഴിയില്ല. നിങ്ങള്‍ നിങ്ങളുടെ ജോലി തുടരൂ. ഞങ്ങള്‍ ഞങ്ങളുടേതും.
അടിമലത്തുറയിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിയ എന്നെ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലും അനുവദിക്കാതെ സ്ത്രീകള്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചുവെന്നാണ് മംഗളം റിപ്പോര്‍ട്ടു ചെയ്യുന്നത്. പച്ചക്കള്ളമാണിത്. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ല. രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം ഒഴൂകിയതോടെ വിഴിപത്തുഞ്ഞം, പൂന്തുറ സന്ദര്‍ശനം റദ്ദാക്കി തോമസ് ഐസക് മടങ്ങിയെന്നും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. മണിയ്ക്ക് പാര്‍ടി സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ മടങ്ങിയതിനെക്കുറിച്ചാണ് ഈ വ്യാഖ്യാനം.
ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് കേരളത്തിലെ തീരപ്രദേശം ഇരയായത്. അതിന്റെ രോഷവും സങ്കടവും വേദനയുമൊക്കെ അവിടെയുണ്ടാകും. പരാതികളുണ്ടാകും, വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടാകും. അതൊക്കെ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാരിന്റെ കടമ. അതു ഞങ്ങള്‍ നിറവേറ്റും.
രാവിലെ ഏഴേകാലിന് പൊഴിയൂരിലെത്തുമ്പോള്‍ മാധ്യമങ്ങളുണ്ടായിരുന്നില്ല. പൊഴിയൂരിലെ രണ്ടു പള്ളികളിലും പോയി. അവര്‍ക്കൊക്കെ ചില വിമര്‍ശനങ്ങളുണ്ടായിരുന്നു. ചില നിര്‍ദ്ദേശങ്ങളും. അതൊക്കെ അവര്‍ മാന്യമായി പറഞ്ഞു. വാക്കേറ്റമോ രൂക്ഷമായ ഭാഷയിലെ അധിക്ഷേപമോ ഒന്നും അവിടെയുണ്ടായില്ല. ഇല്ലാത്തതു പറഞ്ഞു പ്രചരിപ്പിച്ച് ആ നാടിനെ അധിക്ഷേപിക്കരുത്.
അടിമലത്തുറയിലെത്തിയപ്പോള്‍ മാധ്യമങ്ങളുണ്ടായിരുന്നു. നഷ്ടപരിഹാരപ്പാക്കേജിനെക്കുറിച്ച് വിമര്‍ശനമുണ്ടായത് അവിടെയാണ്. അവിടെ എന്നെയാരും വാഹനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിക്കാതെ തടഞ്ഞുവെച്ചില്ല. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനായോഗത്തില്‍ കുറച്ചു നേരം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കൂടിയ ശേഷമാണ് അവരില്‍ ചിലരുടെ അഭ്യര്‍ത്ഥന പ്രകാരം സംസാരിച്ചത്. രൂക്ഷമായ ഭാഷയില്‍ ഒരു പ്രതിഷേധവും ഒഴുകിയില്ല. നഷ്ടപരിഹാരം പോര എന്നു പറയാന്‍ അതു സ്വീകരിക്കുന്നവര്‍ക്ക് അവകാശമുണ്ട്. അവരുടെ അഭിപ്രായം എന്നോടു പറഞ്ഞു. പോസ്റ്റിനൊപ്പമുള്ള ഫോട്ടോകളും വീഡിയോയും നോക്കൂ. എന്നിട്ടു തീരുമാനിക്കൂ. കാറില്‍ നിന്നിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചോ, വിഴിഞ്ഞവും പൂന്തറയും സന്ദര്‍ശിക്കേണ്ട എന്നു തീരുമാനിക്കേണ്ട വിധത്തിലുള്ള പ്രതിഷേധമുണ്ടോ എന്നൊക്കെ. എന്തിനാണ് ഇത്തരത്തില്‍ നുണയെഴുതി പ്രചരിപ്പിക്കുന്നത്? എന്തു പ്രതിഫലത്തിനാണ് ഈ നുണകള്‍ നിര്‍മ്മിക്കുന്നത്? ആരാണത് വിതരണം ചെയ്യുന്നത്?
ജോലിയ്ക്കു പോകാന്‍ കഴിയാത്തവരുടെ കുടുംബത്തിന് അനുവദിച്ച ഉപജീവനപ്പടി മതിയാവില്ല എന്നാണ് ഒരു പ്രധാന വിമര്‍ശനം. ശരാശരി 2000 രൂപ വീതം 1.49 ലക്ഷം കുടുംബങ്ങള്‍ക്കാണ് സഹായം അനുവദിച്ചിരിക്കുന്നത്. ആകെ 31 കോടി രൂപ വേണ്ടിവരും. ഏതെങ്കിലുമൊരു ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഉപജീവനപ്പടിയ്ക്കുവേണ്ടി ഇന്ത്യയിലൊരിടത്തും ഇത്രയും വലിയൊരു തുക അനുവദിച്ചിട്ടില്ല. സുനാമി വന്നപ്പോള്‍പ്പോലും തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു മുഴുവന്‍ ഇതുപോലെ സഹായം നല്‍കിയിട്ടില്ല. സുനാമി ബാധിതര്‍ക്കു മാത്രമാണ് ചെറിയ സഹായം നല്‍കിയത്. . ഇതു സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാണ്. പോര എന്നുണ്ടെങ്കില്‍ അതു സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെടുത്തി പരിശോധിക്കുക തന്നെ ചെയ്യും. കേന്ദ്രത്തിനുമുണ്ടല്ലോ ബാധ്യത. അവരെന്തു ചെയ്യുമെന്നും നോക്കട്ടെ.
അടിമലത്തുറയ്ക്ക് അടുത്തുള്ള മറ്റു രണ്ടു കേന്ദ്രങ്ങളിലും പോയിരുന്നു. ചിലരുടെ വീടുകളിലും. സേവയുടെ ഒരു പ്രധാന പ്രവര്‍ത്തകയായ മേഴ്‌സിയും സഹോദരിയും തീരാദുഃഖത്തിലാണ്. ഇവരുടെ ഭര്‍ത്താക്കന്മാര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ പ്രാര്‍ത്ഥനായോഗത്തിലും പങ്കെടുത്ത് കുറച്ചധികം സമയം സംസാരിച്ച ശേഷമാണ് തിരുവന്തപുരത്തേയ്ക്കു മടങ്ങിയത്.
മനോരമയുടെ റിപ്പോര്‍ട്ടിലും പ്രതിഷേധം, തടയല്‍ എന്നീ ആംഗിളിലാണ് വാര്‍ത്ത മുന്നേറുന്നത്. അതവരുടെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന് കാതുകൊടുക്കാന്‍ തല്‍ക്കാലം ഞങ്ങള്‍ക്കു നേരമില്ല. ദുരന്തബാധിതര്‍ക്ക് എത്രയും വേഗം സഹായമെത്തിക്കണം. അതിനാണ് മുന്‍ഗണന.