thomas issac says about gst

thomas-issac

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വരുന്നതോടെ അതിര്‍ത്തിയില്‍ വാണിജ്യനികുതി ചെക്‌പോസ്റ്റുകള്‍ ഇല്ലാതാകുമെന്നു ധനമന്ത്രി തോമസ് ഐസക്.
പകരം അതിര്‍ത്തിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും പരിശോധനയ്ക്ക് കൂടുതല്‍ സ്‌ക്വാഡുകളെ നിയോഗിക്കുകയും ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു.

നിരീക്ഷണ ക്യാമറകള്‍ ഊടുവഴികളിലടക്കം സ്ഥാപിക്കും. വാളയാറിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നത്.

സ്വര്‍ണവ്യാപാരികള്‍ ജനങ്ങളില്‍ നിന്ന് വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് ഈടാക്കുന്ന അഞ്ചുശതമാനം വാങ്ങല്‍നികുതി ബജറ്റില്‍ ഒഴിവാക്കിക്കൊടുക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വിലകൂട്ടി റബര്‍ സംഭരിച്ചയിനത്തില്‍ കച്ചവടക്കാര്‍ക്ക് മൂല്യവര്‍ധിത നികുതിയടക്കാന്‍ നോട്ടീസ് ലഭിച്ചതില്‍ ആശങ്കവേണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഇവര്‍ക്ക് മൂല്യവര്‍ധിത നികുതിയൊഴിവാക്കിക്കൊടുക്കുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്നെങ്കിലും നിയമനിര്‍മാണം നടക്കാത്തതിനാലാണ് നോട്ടീസ് അയച്ചത്. ഇതിനായി അടുത്ത നിയമസഭാസമ്മേളനത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top