ചെന്നൈ: തൂത്തുക്കുടി കസ്റ്റഡിമരണത്തില്‍ പൊലീസിനെ ബെനിക്‌സ് മര്‍ദ്ദിച്ചെന്ന പൊലീസിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസിനെ ബെനിക്‌സ് മര്‍ദ്ദിച്ചെന്നായിരുന്നു എഫ്‌ഐആര്‍. എന്നാല്‍, പൊലീസിനോട് സംസാരിച്ച് ബെനിക്‌സ് മടങ്ങിവരുന്നത് ദൃശ്യങ്ങളിലുണ്ട്.
കടയ്ക്ക് മുന്നില്‍ വന്‍ സംഘര്‍ഷമോ വന്‍ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ചുവെന്നുമാണ് എഫ്‌ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ പൊലീസ് വാദം തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.
പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്‌സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. അതേസമയം, ലോക്കപ്പ്മര്‍ദനത്തില്‍ വ്യാപാരികള്‍ കൊല്ലപ്പെട്ട സാത്താന്‍കുളം പൊലീസ് സ്റ്റേഷന്റെ ചുമതല റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അന്വേഷണവുമായി പൊലീസ് സഹകരിക്കുന്നില്ലെന്ന ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉത്തരവ്.
തെളിവുകള്‍ നശിപ്പിക്കപ്പെടരുതെന്നും മുഴുന്‍ രേഖകളും ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാത്താന്‍കുളം സ്റ്റേഷനിലേത് സകല നിയമങ്ങളും ലംഘിച്ചുള്ള ഗുരുതര അനാസ്ഥയെന്നാണ് മദ്രാസ് ഹൈക്കോടതി നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇന്‍സ്‌പെക്ടര്‍ ശ്രീധറിന്റെ മുറിക്ക് സമീപമുള്ളത് നാല് ഇടിമുറികള്‍. അന്വേഷണവുമായി പൊലീസ് സഹകരിക്കുന്നില്ല. രണ്ട് വര്‍ഷമായി സ്റ്റേഷനിലെ സിസിടിവി പ്രവര്‍ത്തിക്കുന്നില്ല. രേഖകള്‍ കൈമാറാന്‍ പൊലീസ് തയാറാകുന്നില്ലെന്നും തൂത്തുക്കുടി ജില്ലാ ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സാത്താന്‍കുളം സ്റ്റേഷനില്‍ മുന്‍പും ഉരുട്ടികൊല നടന്നെന്നും ഇതെല്ലാം ഒതുക്കിതീര്‍ത്തെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.