ന്യൂഡല്‍ഹി: തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റി.
തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ടെങ്കീസ് എണ്ണപ്പാടത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 70 മലയാളികള്‍ ഉണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
എണ്ണപ്പാടത്തിന് സമീപത്തെ ഹോട്ടലുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കഴിയുന്നത്. പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗം എത്താന്‍ മുന്നൂറിലേറെ കിലോമീറ്റര്‍ താണ്ടണം. സംഘര്‍ഷം ശമിക്കാതെ പുറത്തെത്തുന്നത് സുരക്ഷിതമല്ലെന്നാണ് കസഖ്സ്ഥാന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.