കിറ്റക്സ് മുതലാളിയുടെ ട്വന്റി ട്വന്റിക്ക് കയ്യടിക്കുന്നവർ പണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ അവരുടെ ആധിപത്യം നേടിയെടുത്തത് എങ്ങനെയായിരുന്നു എന്ന് ഓർക്കുന്നത് നല്ലതാണ്. ആദ്യം ബ്രിട്ടീഷുകാർ പ്രലോഭനങ്ങളില്‍ വീഴ്ത്തി പിന്നീടവര്‍ നമ്മളെ തന്നെ അടിമകളുമാക്കി. അന്ന് ബ്രിട്ടീഷുകാർ ചെയ്തത് ഇന്ന് കോർപ്പറേറ്റുകളാണ് ആവർത്തിക്കാൻ ശ്രമിക്കുന്നത്. അതിന്റെ അപകടകരമായ സൂചനയാണ്, 2015ൽ കിഴക്കമ്പലത്ത് ദൃശ്യമായത്. 2020-ൽ സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൂടി കോർപ്പറേറ്റുകളുടെ കരം നീണ്ടിരിക്കുകയാണ്. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണിത്.
ഇന്ന് ട്വന്റി-20യിലൂടെ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബിന് കഴിയുന്നത് നാളെ ഇവിടുത്തെ ഓരോ കോര്‍പ്പറേറ്റ് സ്ഥാപനത്തിനും നിഷ്പ്രയാസം കഴിയുമെന്നത് നാം തിരിച്ചറിയണം. ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നവർ തങ്ങളുടെ ‘ലക്ഷ്യം’ പൂർത്തിയായാൽ ആ ആനുകുല്യങ്ങൾക്ക് മീതെ മാത്രമല്ല ജനജീവിതത്തിൽ തന്നെയാണ് കൈവയ്ക്കുക. കോർപ്പറേറ്റ് ശൈലിയാണത്.പിന്നെ ജനാധിപത്യം എന്ന വാക്ക് പോലും പറയാൻ കഴിഞ്ഞെന്ന് വരികയില്ല. കിറ്റക്സ് എം.ഡി തുടക്കമിട്ട ട്വന്റി ട്വന്റി പ്രതിഭാസം സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് വ്യാപിച്ചത് ദേശീയ തലത്തിൽ പോലും വാർത്തയായി കഴിഞ്ഞു.
ഇവിടങ്ങളിലെല്ലാം യു.ഡി.എഫ് ഭരണമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ട്വന്റി ട്വന്റി എന്ന ബദലിന്റെ രൂപീകരണം തന്നെ കിഴക്കമ്പലത്തെ കോൺഗ്രസ്സ് ഭരണത്തിലെ പാളിച്ചയിൽ നിന്നാണ്.ജനങ്ങളുടെ അതൃപ്തി സമർത്ഥമായി മുതലെടുക്കാൻ കിറ്റക്സ് ഗ്രൂപ്പിന് ഇവിടെ കഴിഞ്ഞു. അവരുടെ മറഞ്ഞിരിക്കുന്ന കച്ചവട താൽപ്പര്യങ്ങളാണ് ആനുകൂല്യ തള്ളിച്ചയിൽ ജനങ്ങളും ഓർക്കാതെ പോയിരിക്കുന്നത്.നിയമസഭ തിരഞ്ഞെടുപ്പിലും ട്വന്റെ ട്വന്റെ മത്സരിക്കുമെന്നാണ് ഇപ്പോൾ സാബു എം ജേക്കബ് പറയുന്നത്. സംഘർഷം വകവയ്ക്കാതെ ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്ത ദമ്പതികൾക്ക് ഒരു ലക്ഷം രൂപ നൽകിയ ശേഷമായിരുന്നു ഈ പ്രതികരണം. അതായത് കിഴക്കബലത്തെ മാത്രമല്ല, കേരളത്തെ തന്നെ, കോർപ്പറേറ്റ് ഭരണത്തിന് കീഴിലാക്കുക എന്നത് തന്നെയാണ് കിറ്റക്സ് മുതലാളിയുടെ ലക്ഷ്യമെന്ന് വ്യക്തം.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലേക്ക് കൂടി കോർപ്പറേറ്റ് സാന്നിധ്യം എത്തിയാൽ പിന്നെ, രാഷ്ട്രീയ കേരളമെന്ന് ഒരിക്കലും പറയാൻ കഴിയുകയില്ല.ജനാധിപത്യത്തിന്റെ ശരികേടാണ് ട്വന്റി ട്വന്റി. ഈ പ്രതിഭാസത്തിന് വളരാൻ വെള്ളമൊഴിച്ച, കിഴക്കബലത്തെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾ തന്നെയാണ് ഇതിന് ഉത്തരവാദികൾ. എന്തും ഏതും, വെറുതെ കിട്ടണമെന്നു വാശിപിടിക്കുന്ന ജനത്തെ, വരുതിയില്‍ നിര്‍ത്താന്‍, കൈയില്‍ പണമുള്ള ഏതൊരാള്‍ക്കും ഇനി സാധിക്കും. ട്വന്റി -20 എന്ന ഓര്‍ഗനൈസേഷന്‍ മുന്നോട്ടുവച്ച കൊതിപ്പിക്കുന്ന ഓഫറുകള്‍ക്കു മുന്നില്‍ കീഴടങ്ങിയ ജനങ്ങൾ അപരാധം ചെയ്തിരിക്കുന്നത് ഈ രാജ്യത്തിന്റെ ജനാധിപത്യ വിശ്വാസത്തോടാണ്.
തങ്ങളെ അനുസരിക്കുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ അല്ലാത്തവര്‍ക്ക് ഒന്നും കിട്ടില്ല എന്ന കമ്പനി നിയമം കിഴക്കമ്പലത്ത് നടപ്പിലായി കഴിഞ്ഞിരിക്കുന്നു. അത് അവർ ഇപ്പോൾ വിജയിച്ച മറ്റു പഞ്ചായത്തുകളിലും ഇനി നടപ്പാക്കും. എതിര്‍ക്കുന്നവന് ഒന്നും കിട്ടില്ലെങ്കില്‍ അതിനു ശ്രമിക്കാതിരിക്കാനായിരിക്കും അവിടുത്തെ മനുഷ്യരുടെ വിധേയത്വ മനസും ഇനി തീരുമാനം എടുക്കുക. അങ്ങനെ വരുമ്പോള്‍ ട്വന്റെ ട്വന്റെ വിജയിച്ച പഞ്ചായത്തുകളിൽ ഒരു നിയമം മാത്രമാണ് നടപ്പിലാകാൻ പോകുന്നത്. പ്രലോഭനങ്ങള്‍ ഇനിയുമുണ്ടാകും. അത് ഉയർന്നു കൊണ്ടിരിക്കുകയും ചെയ്യും. ഇവയൊക്കെ തനിക്കും ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ കമ്പനിയുടെ വിധേയന്മാരായി തന്നെയാണ് ജീവിക്കേണ്ടി വരിക.
ജനാധിപത്യത്തില്‍, പണത്തിന് എത്രമേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് കിഴക്കമ്പലം ഉൾപ്പെടെ 4 പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കിഴക്കമ്പലത്ത് ട്വന്റി -ട്വന്റി എന്ന ജനകീയ കൂട്ടായ്മ ആദ്യം പ്രത്യക്ഷപ്പെട്ടത് സന്നദ്ധ സംഘടനയായിട്ടാണ്. രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയും ആരംഭ കാലത്ത് അവർക്ക് ലഭിച്ചിരുന്നു. ‘ജനകീയസേവനത്തിന് ഒരു കൂട്ടായ്മ’ എന്നതായിരുന്നു ഇത്തരമൊരു ഓര്‍ഗനൈസേഷനു രൂപം കൊടുക്കുമ്പോള്‍, കിറ്റെക്‌സ് മുന്നോട്ടുവച്ചിരുന്ന ആശയം.കേവലം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിവന്നതുപോലുള്ള പ്രവര്‍ത്തനമായിരുന്നില്ല പക്ഷേ കിറ്റെക്‌സ് നടത്തിയിരുന്നത്. ഇത് രാഷ്ട്രീയ നേതൃത്വങ്ങൾ തിരിച്ചറിഞ്ഞത് തന്നെ ഏറെ വൈകിയാണ്.
സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചു നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്‍ക്കുക എന്നത്, കടമയായി കണ്ടാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ട്വന്റി ട്വന്റിയെ പിന്തുണച്ചിരുന്നത്. പിന്നീടാണ് കിറ്റക്സ് ഗ്രൂപ്പിൻ്റെ ലക്ഷ്യം അധികാരം ആണെന്നു അവർ തിരിച്ചറിഞ്ഞിരുന്നത്. അതോടെ ട്വന്റി-20യുമായുള്ള ബന്ധവും രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കുകയുണ്ടായി. എന്നാൽ അപ്പോഴേക്കും സാബു എം ജേക്കബ് എന്ന കിറ്റെക്സ് മുതലാളിയുടെ തന്ത്രങ്ങൾ വിജയിച്ച് കഴിഞ്ഞിരുന്നു. രൂക്ഷമായ മാലിന്യപ്രശ്‌നം കിറ്റക്സ് കമ്പനിയുടെ നിലനില്‍പ്പിന് ഭീഷണിയായ കാലംതൊട്ട് തന്നെ ഇതിന്റെ ശാശ്വത പരിഹാരത്തിന് പഞ്ചായത്ത് ഭരണം പിടിക്കണമെന്ന് സാബു എം ജേക്കബ് മനസ്സാ തീരുമാനിച്ച് കഴിഞ്ഞിരുന്നു.
അതിന് അനുസരിച്ച് തന്നെയാണ് അദ്ദേഹം കരുക്കളും നീക്കിയിരുന്നത്.പകുതി വിലയ്ക്ക് സാധനങ്ങളും വീടും വെള്ളവുമെല്ലാം നൽകിയതും അതു കൊണ്ടാണ്. തമിഴ്നാട്ടിലെ മാർക്കറ്റിൽ നിന്നും നേരിട്ട് സാധനങ്ങൾ ശേഖരിക്കുമ്പോൾ ഒരു നഷ്ടമില്ലാതെ തന്നെ പച്ചക്കറികളും മറ്റ് നിത്യോപയോഗ സ്ഥാനങ്ങളും നൽകാൻ ട്വന്റെ ട്വന്റെക്ക് കഴിഞ്ഞിട്ടുണ്ട്.മറ്റു വികസന പദ്ധതികൾക്ക് സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തിയതിനാൽ അതും കിറ്റക്സ് മുതലാളിക്ക് നഷ്ടകച്ചവടമല്ല. നേട്ടം മാത്രമാണ്. പരിസ്ഥിതി മലനീകരണം ഉണ്ടായിട്ടും, ഇപ്പോഴും കിറ്റക്സ് കമ്പനി അവിടെ തുടരുന്നു എന്നത് തന്നെയാണ് ഉദാഹരണം. കിഴക്കമ്പലം ഉൾപ്പെടെ നാല് പഞ്ചായത്ത് ഭരണത്തിലും കോർപ്പറേറ്റ് താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനും ഇനി സാബുവിന് കഴിയും.
അന്നന്നത്തെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നവനെ സംബന്ധിച്ച് ട്വന്റി ട്വന്റിയോടൊപ്പം നില്‍ക്കുന്നത് ലാഭമായാണ് കരുതുന്നത്.ഈ സംവിധാനം ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് അവൻ ചിന്തിക്കുന്നില്ല. മനസ്സിലാക്കാൻ ശ്രമിക്കുന്നുമില്ല, എല്ലാവരും അവരവരുടെ ലാഭം മാത്രമാണ് നോക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍, ഇവിടെ മുൻപ് ഭരിച്ച പഞ്ചായത്ത് ഭരണസമിതികൾക്കും തെറ്റ് പറ്റിയിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വം ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണിത്.ഭരണ വിരുദ്ധ വികാരം ഇടതുപക്ഷത്തിന് ഗുണം ചെയ്യാതിരുന്നതിനെ കുറിച്ച്, ഇടതുപക്ഷവും ആഴത്തിൽ പഠിക്കണം.
കേരളത്തിന്റെ പൊതു സ്വഭാവത്തിന് എതിരായ വിധി എഴുത്ത് 4 പഞ്ചായത്തുകളിൽ ഉണ്ടായെങ്കിൽ അത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.കിറ്റക്സിനെ പോലെ മാലിന്യ പ്രശ്നമുണ്ടാക്കുന്ന നിരവധി വൻകിട കമ്പനികൾ ഈ കേരളത്തിലുണ്ട്.ഇവരിൽ പലർക്കെതിരെയും തദ്ദേശ സ്ഥാപനങ്ങൾ നടപടിയും എടുത്തിട്ടുണ്ട്. പക വീട്ടാൻ ഈ കമ്പനി ഉടമകളും , ഇത്തരത്തിൽ പണം എറിഞ്ഞ് ഭരണം പിടിക്കാൻ തുടങ്ങിയാൽ, എന്താകും നാടിന്റെ അവസ്ഥ ? ട്വന്റി ട്വന്റി മാതൃകയാണെന്ന് പറയുന്നവർ, ‘മാതൃകാ പുരുഷൻ്റെ’ കയ്യിലിരിപ്പും അറിയുക തന്നെ വേണം.കിഴക്കമ്പലത്ത് കിറ്റെക്‌സ് ഉണ്ടാക്കിയ മാലിന്യപ്രശ്‌നം വളരെ ഗുരുതരം തന്നെയാണ്.
ഇത് മറച്ചുവയ്ക്കാനും അവരുടെ വ്യവസായം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും, പഞ്ചായത്ത് പ്രതിബന്ധം ആകരുതെന്നു കണ്ടു നടത്തിയ, ആസൂത്രിതമായ നീക്കം തന്നെയാണ് ട്വന്റി-20യുടെ രൂപീകരണത്തിൽ കലാശിച്ചത്.അക്കാര്യത്തിൽ ആർക്കും തന്നെ തർക്കം വേണ്ട. തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള മുരുകംപാളയത്തു നിന്നും ജനകീയപ്രക്ഷോഭങ്ങളെയും സുപ്രീം കോടതി വിധിയെയും തുടര്‍ന്ന് പൂട്ടിക്കെട്ടി പോരേണ്ടി വന്ന, ബ്ലീച്ചിംഗ്, ഡൈനിംഗ് യൂണിറ്റുകളാണ് കിഴക്കമ്പലം പോലെ ജനനിബിഢമായൊരു സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നതെന്നതും നാം കാണാതെ പോകരുത്. കേരളത്തില്‍ മറ്റൊരു തുണിമില്ലിലും ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതും ഓർക്കണം. നമ്മുടെ പാരിസ്ഥിതിക സാഹചര്യം അതിന് അനുവദിക്കുന്നില്ലന്നതാണ് യാഥാർത്ഥ്യം.ഈ പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യം കമ്പനി ഒഴുക്കിവിടുന്നത് തുറസായ സ്ഥലങ്ങളിലേക്കാണ്. കിറ്റെക്‌സ് പ്ലാന്റുകള്‍ വന്നശേഷം വ്യാപകമായ മലീനികരണമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്ന് നാട്ടുകാർ തന്നെ മുൻപ് പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്.
ഗാര്‍മെന്റ്‌സിലെ പ്ലാന്റില്‍ നിന്നുള്ള മാലിന്യം താഴത്തുപീടിക തോടുവഴി വിലങ്ങ്, കിഴക്കമ്പലം, ചൂരക്കോട് ഭാഗങ്ങളിലൂടെയൊഴുകി, ശുദ്ധജല സ്രോതസ്സായ കടമ്പ്രയാറിലേക്കാണ് എത്തുന്നത്. പത്തുപതിനയ്യായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന ഗാര്‍മെന്റിസിലെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതാകട്ടെ പഞ്ചായത്തിന്റെ പൊതുകുളത്തിലേക്കാണെന്നും പരാതി ഉയർന്നിരുന്നു. ഇവിടെ നിന്നു ചേലക്കുളം, കാവുങ്ങപ്പറമ്പ്, ചൂരക്കോട് പാടങ്ങളിലേക്കാണ് ഇവയെല്ലാം ഒഴുകിയെത്തുന്നത്. പ്രദേശത്തെ ശുദ്ധജലസ്രോതസ്സുകളും പാടങ്ങളും മലിനമാക്കുന്നതരത്തില്‍ മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ ജനകീയപ്രക്ഷോഭങ്ങളും കാലങ്ങളായാണ് നടന്നിരുന്നത്. കിറ്റെക്‌സിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പ്രക്ഷോഭം ശക്തമാക്കുകയും ചെയ്തത് രാഷ്ട്രീയ പാർട്ടികളുടെ കൂടി നേതൃത്വത്തിലാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മുൻപ് നടത്തിയ വിവിധ പരിശോധനകളിൽ മാലിന്യപ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നു മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് അവസാനിപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.അക്കാലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും, കമ്പനിക്കു പ്രതികൂലമായ റിപ്പോര്‍ട്ടാണ് കിട്ടിയിരുന്നത്. എന്നിട്ടും യാതൊരു അനക്കവും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. ഉണ്ടായതാകട്ടെ മറ്റൊരു നീക്കമായിരുന്നു. കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയ, പഞ്ചായത്ത് തന്നെ പിടിച്ചെടുക്കാനുള്ള പദ്ധതികളാണ് അണിയറയിൽ കിറ്റക്സ് ഉടമ ആവിഷ്ക്കരിച്ചത്.
അതാണ് 2015-ൽ കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം തന്നെ പിടിക്കുന്നതിൽ കലാശിച്ചത്. ട്വന്റി ട്വന്റിയെ മുൻ നിർത്തി നടത്തിയ ആ പരീക്ഷണം ഇപ്പോൾ സമീപ പഞ്ചായത്തുകളിലേക്കും പടർന്നിരിക്കുകയാണ്. പഞ്ചായത്തുകൾ ഇന്ത്യന്‍ നിയമത്തില്‍ നിലനിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട ഒരു ജനാധിപത്യസ്ഥാപനമാണ്, അല്ലാതെ കോര്‍പ്പറേറ്റ് സ്ഥാപനമല്ല. കിറ്റെക്‌സിന്റെ മുതലാളിക്ക് അയാളുടെ ഇഷ്ടംപോലെ കാശ് ചെലവഴിക്കാം. പഞ്ചായത്തിന് അത് സാധ്യമല്ല. അവിടെ പരിമിതികളും പരാധീനതകളും ഏറെയാണ്.ഇത് മനസ്സിലാക്കി തന്നെയാണ് കിറ്റക്സ് മുതലാളി പണം എറിഞ്ഞ് കളിച്ചത്.ഇനി സാബുവിന്റെയും ട്വന്റി ട്വന്റിയുടെയും ലക്ഷ്യം നിയമസഭയാണ്.ഇവിടെ വെല്ലുവിളിക്കപ്പെടുന്നത് ജനാധിപത്യത്തെ മാത്രമല്ല ജനകീയ രാഷ്ട്രീയത്തെ കൂടിയാണ്. കോർപ്പറേറ്റുകളുടെ ഈ അധികാര മോഹത്തിന് കേരളം ഇനിയും മറുപടി നൽകിയില്ലങ്കിൽ നാളെ അംബാനിയും അദാനിയുമെല്ലാം രാജ്യം ഭരിക്കുന്ന അവസ്ഥയാണുണ്ടാകുക. ഇക്കാര്യങ്ങളെല്ലാം നാം ഓർക്കുന്നത് നല്ലതാണ്.