ലക്ഷങ്ങള്‍ വാങ്ങിയവര്‍ കുടുങ്ങി; വിശാലിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ചെന്നൈ: മാര്‍ക് ആന്റണി എന്ന സിനിമയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന വിശാലിന്റെ ആരോപണത്തിന് അന്വേഷണം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്നായിരുന്നു വിശാലിന്റെ വെളിപ്പെടുത്തല്‍. ആറര ലക്ഷം രൂപയാണ് കൈക്കൂലി നല്‍കിയത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് വിശാല്‍ ആരോപണമുന്നയിച്ചത്. സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം താരം നേരിട്ടത്. സിനിമ കാണുന്നതിനു വേണ്ടി മൂന്ന് ലക്ഷം നല്‍കി. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം നല്‍കി എന്ന് വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും വിശാല്‍ പുറത്തുവിട്ടു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടു. തന്റെ സിനിമാ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും, സിനിമയില്‍ അഴിമതി കാണിക്കാം. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല എന്നും വിശാല്‍ കുറിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിര്‍മ്മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിശാല്‍ പ്രധാന വേഷത്തിലെത്തിയ മാര്‍ക്ക് ആന്റണി റിലീസ് ചെയ്തത്്. ഇതിനു പിന്നാലെ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രാലയം എക്‌സ് അക്കൌണ്ട് വഴി അന്വേഷണം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു.

Top