ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ അടക്കം വന്ന ഹൈ റിസ്‌ക് സമ്പര്‍ക്കം വന്ന ആളുകള്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ആരോഗ്യവകുപ്പ് നിര്‍ബന്ധമാക്കി. നിരീക്ഷണത്തില്‍ കഴിയവേ തന്നെ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഈ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ നിരീക്ഷണം അവസാനിപ്പിക്കാം. അതേസമയം, ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി സി രോഗികളെ ആശുപത്രിയില്‍ത്തന്നെ എത്തിച്ച് ചികിത്സ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം മുറിയില്‍ ക്വാറന്റീനില്‍ കഴിയണം. വരുന്ന എല്ലാവരും ഇ- ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

വാക്‌സിന്‍ എടുത്തവരാണെങ്കിലും 48 മണിക്കൂര്‍ മുമ്പത്തെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അല്ലാത്തവര്‍ കേരളത്തിലെത്തിയാല്‍ ഉടന്‍ പരിശോധന നടത്തണം. നടത്തി ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനില്‍ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം. പേശിവേദന, മണം നഷ്ടപ്പെടല്‍ എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന തുടങ്ങി. രോഗവ്യാപന തീവ്രത ലക്ഷ്യമിട്ടുള്ള മാസ് വാക്‌സിനേഷനായി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട സംസ്ഥാനത്തിന് ഇന്ന് അഞ്ചര ലക്ഷം ഡോസ് എത്തിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

മൂന്ന് ലക്ഷം പേരില്‍ കൂട്ടപ്പരിശോധന, വീടുകളിലെത്തിയുള്ള പരിശോധന, മൊബൈല്‍ പരിശോധന അങ്ങനെ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടി രോഗ ബാധിതരെ കണ്ടെത്തുന്നതോടെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുതിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യ കൂട്ട പരിശോധനയിലെ 82,732 ഫലങ്ങള്‍ കൂടി ഇനി അറിയാന്‍ ഉണ്ട്. കണ്ണൂര്‍ , മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇവിടങ്ങളില്‍ പരമാവധി പരിശോധന കൂട്ടാന്‍ നിര്‍ദേശം നല്‍കി.

ടിപിആര്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ 70% പരിശോധനകളും ആര്‍ടിപിസിആര്‍ തന്നെ ആകണം. പ്രതിദിനം അരലക്ഷത്തിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും ചികില്‍സക്ക് സജ്ജമായിരിക്കണമെന്നാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

 

Top