സംഘര്‍ഷങ്ങള്‍ വിലക്കാന്‍ കഴിയാത്തവരാണ് സദാചാര നിയമങ്ങള്‍ ഇറക്കുന്നത്; ഹരീഷ് പേരടി

ലസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള പൊലീസിന്റെ നീക്കത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും പേരടി കുറിച്ചു.

നൈറ്റ് ലൈഫ് കേന്ദ്രമായി തലസ്ഥാനത്ത് മാനവീയം വീഥി ഒരുക്കിയപ്പോള്‍ തന്നെ വൈകുന്നേരങ്ങളില്‍ ആട്ടവും പാട്ടുമൊക്കെയായി ചെറുപ്പക്കാരുള്‍പ്പെടെയുള്ളവര്‍ ഒത്തുചേര്‍ന്നിരുന്നു. എന്നാല്‍ ലഹരി ഉപയോഗിച്ച് എത്തുന്നവര്‍ പലപ്പോളും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് ഇവിടെ സംഘര്‍ഷം ഉണ്ടാവുകയും അതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തത്. ഇതേ തുടര്‍ന്ന്് മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് നിയന്ത്രിക്കണമെന്ന് പൊലീസ് നിലപാടെടുത്തത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മ്യൂസിയം പൊലീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ വിഷയത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി രംഗത്തെത്തിയത്.

പട്ടാപ്പകല്‍ അതിക്രമങ്ങളും സംഘര്‍ഷങ്ങളും ബലാല്‍സംഗങ്ങളും ഇവിടെ നടന്നിട്ടും അതിനെ നിയന്ത്രിക്കാന്‍ കഴിയാത്തവരാണ് ഒരു രാത്രിയില്‍ അംഗീകൃത തെരുവില്‍ ആനന്ദ നൃത്തം ചെയ്യുന്നവരെ ഒരു ചെറിയ സംഘര്‍ഷത്തിന്റെ പേരില്‍ വിലക്കാന്‍ സദാചാര നിയമങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്ന് പേരടി കുറിച്ചു. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണം.

പക്ഷേ അതിന്റെ പേരില്‍ രാത്രി ജീവിതം ആഘോഷിക്കാന്‍ എത്തുന്ന ഭൂരിപക്ഷത്തെ നിയന്ത്രിക്കരുത്. രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണ്. എന്തിന് ആത്മഹത്യയുടെ സംഘര്‍ഷങ്ങളില്‍ നില്‍ക്കുന്ന ഒരാള്‍ക്കുപോലും ആ മാനവീയം വീഥിയിലെ സന്ദര്‍ശനം.. അവിടെയുള്ള സംഗീതത്തില്‍, നൃത്തത്തില്‍ പങ്കുചേര്‍ന്നാല്‍ അത് വലിയ ആശ്വാസവും മരുന്നുമാകും. എല്ലാ സദാചാര ഗുണ്ടായിസങ്ങളെയും മറികടന്ന് മാനവീയം വീഥിയിലെ രാത്രി ജീവിതം നിലനിര്‍ത്തണം എന്നാണ് പേരടി ആവശ്യപ്പെടുന്നത്.

നൈറ്റ് ലൈഫ് തുടങ്ങിയതിന് ശേഷം ഇതുവരെ ഒമ്പത് തവണ സംഘര്‍ഷങ്ങള്‍ നടന്നു. അതില്‍ അവസാനത്തെ സംഘര്‍ഷമാണ് കൂട്ടം ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുന്നതിലേക്ക് പോയത്. ലഹരി ഉപയോഗിച്ച് എത്തുന്നവര്‍ കുടുംബമായി എത്തുന്നവര്‍ക്കിടയിലേക്ക് കടന്നുകയറി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നും പോലീസ് പറയുന്നു. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് നൈറ്റ് ലൈഫില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നത്. ആരാണ് അവിടെ പരിപാടി നടത്തുന്നതെന്നോ, എന്ത് പരിപാടിയാണെന്നോ ആര്‍ക്കും തന്നെ വ്യക്തതയില്ലാത്ത സാഹചര്യമാണ്. എന്തെങ്കിലും സംഭവിച്ചാല്‍ പരിപാടിയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ കലാപരിപാടികള്‍ രജിസ്ട്രേഷന്‍ മുഖേനെ നിയന്ത്രിക്കണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി നടത്താന്‍ അനുവദിക്കരുതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പരിപാടികള്‍ക്ക് നിശ്ചിത സമയത്തേക്ക് മാത്രം അനുമതി നല്‍കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സമയ നിയന്ത്രണം നഗരസഭയ്ക്കും ടൂറിസം വകുപ്പിനും തീരുമാനിക്കാം. മാത്രമല്ല രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്തണമെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top