തള്ളിപ്പറഞ്ഞവരും, ഉപദ്രവിച്ചവരും ഇപ്പോൾ ദളപതിക്കു പിന്നാലെയാണ്

39 ലോകസഭ സീറ്റുകളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ ഇവിടെ നിന്നുള്ള എം പിമാരുടെ പിന്തുണ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെയാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യമാണ് തമിഴകം തൂത്ത് വാരിയിരുന്നത്. അണ്ണാ ഡി.എം.കെയാവട്ടെ ഒറ്റ സീറ്റിലാണ് ഒതുക്കപ്പെട്ടിരുന്നത്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് ഡി.എം.കെ സഖ്യം. സ്റ്റാലിന്‍ സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്നതും ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു തന്നെയാണ്. അണ്ണാ ഡി.എം.കെയെ ഒരു എതിരാളിയായേ നിലവില്‍ ഡി.എം.കെ കാണുന്നില്ല. അത്രയ്ക്കും പരിതാപകരമായ അവസ്ഥയിലാണ് ആ പാര്‍ട്ടിയുള്ളത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം കുഴഞ്ഞ് മറഞ്ഞിരിക്കുകയാണ്. പുതിയ ‘എതിരി’യാണ് തമിഴകത്ത് ഉദയം ചെയ്തിരിക്കുന്നത്. നടന്‍ വിജയ് പിന്തുണയ്ക്കാതെ ഇരുന്നിട്ടും അദ്ദേഹത്തിന്റെ ആരാധക സംഘടനയായ ‘ദളപതി വിജയ് മക്കള്‍ ഇയക്കം’ വന്‍ മുന്നേറ്റമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തിയിരിക്കുന്നത്. മത്സരിച്ച 169 സീറ്റുകളില്‍ 115 ലും തകര്‍പ്പന്‍ വിജയമാണ് ഈ ആരാധക കൂട്ടായ്മ നേടിയിരിക്കുന്നത്. മാത്രമല്ല വില്ലുപുരം ജില്ലയിലെ വാനുര്‍ പഞ്ചായത്ത് ഭരണവും വിജയ് ഫാന്‍സ് പിടിച്ചിട്ടുണ്ട്. കടുത്ത വിജയ് ആരാധികയായ സാവിത്രിയാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇത് അപകടകരമായ സൂചനയായാണ് തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. തന്റെ പേരുപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെതിരെ സ്വന്തം മാതാപിതാക്കള്‍ക്കെതിരെ പോലും കോടതിയെ സമീപിച്ച വ്യക്തിയാണ് വിജയ്. ഈ പ്രതികൂല സാഹചര്യത്തിലും തകര്‍പ്പന്‍ വിജയം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സാധ്യമായതാണ് രാഷ്ട്രിയ പാര്‍ട്ടികളെ ഞെട്ടിച്ചിരിക്കുന്നത്. ഒത്തു തീര്‍പ്പിന്റെ ഭാഗമായി തന്റെ ഫോട്ടോ വയ്ക്കാന്‍ മാത്രമാണ് മത്സരിക്കുന്ന ആരാധകര്‍ക്ക് വിജയ് അനുമതി നല്‍കിയിരുന്നത്. വെറും ഒരു ഫോട്ടോ ‘കാട്ടിയപ്പോള്‍’ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ദളപതി നേരിട്ട് പ്രചരണത്തിന് ഇറങ്ങിയാല്‍ എന്താകും സ്ഥിതിയെന്നത് ദ്രാവിഡ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

ദളപതിക്ക് തമിഴകത്ത് ആഴത്തില്‍ വേരുകള്‍ ഉണ്ടെന്നത് ദേശീയ മാധ്യമങ്ങളും ഇതോടെ സമ്മതിച്ചു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ദളപതിയുടെ വിജയമായാണ് മിക്ക ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിജയം ഒരു ‘ട്രെയിലര്‍’ മാത്രമാണെന്നാണ് ”ദളപതി വിജയ് മക്കള്‍ ഇയക്കം” ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരിക്കുന്നത്. അതായത് ഇനി വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പിലും ടീം വിജയ് മത്സരിക്കുമെന്ന് വ്യക്തം. ദളപതിയുടെ ജനപിന്തുണ അളക്കാന്‍ വിജയ് ഫാന്‍സ് നടത്തിയ ഈ ”ടെസ്റ്റ് ‘ വമ്പന്‍ വിജയമായതോടെ ഇനി വിജയ് തന്നെ നേരിട്ട് ‘കളത്തില്‍’ ഇറങ്ങുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ വിശ്വസിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ അട്ടിമറി ജയത്തോടെ രാഷ്ട്രീയത്തിലിറങ്ങാന്‍ വലിയ സമ്മര്‍ദ്ദമാണ് വിജയ് ഇപ്പോള്‍ നേരിടുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും വിജയ് നേരിട്ട് പ്രചരണം നയിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു കഴിഞ്ഞു. വിജയ് ഇറങ്ങിയാല്‍ ബഹുഭൂരിപക്ഷം ലോകസഭ സീറ്റുകളും തൂത്ത് വരാന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

തമിഴകത്തെ ഈ പുതിയ പ്രതിഭാസത്തെ ഡല്‍ഹിയിലെ ബി.ജെ.പി, കോണ്‍ഗ്രസ്സ് നേതൃത്വങ്ങളും ഗൗരവമായാണ് വീക്ഷിക്കുന്നത്. യു.പി യില്‍ തിരിച്ചടി ഭയക്കുന്ന ബി.ജെ.പി 39 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന തമിഴകത്തെയും നിര്‍ണ്ണായകമായാണ് കാണുന്നത്. അണ്ണാ ഡി.എം.കെയുമായി സഖ്യമായിട്ട് ഇനി എന്തു കാര്യം എന്നത് ബി.ജെ.പിയെ ശരിക്കും അലട്ടുന്നുണ്ട്. വിജയ് രംഗത്തിറങ്ങിയാല്‍ സ്റ്റാലിന്‍-വിജയ് പോരാട്ടമായാണ് തിരഞ്ഞെടുപ്പ് രംഗം മാറുക. മറ്റെല്ലാം അവിടെ അപ്രസക്തമാകും. ഇക്കാര്യം ശരിക്കും അറിയാവുന്നതും ബി.ജെ.പി നേതൃത്വത്തിനാണ്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തന്റെ സിനിമകളിലുടെ ശക്തമായി പ്രതിഷേധിച്ച താരമാണ് വിജയ്. ഇതില്‍ പ്രകോപിതരായ ബി.ജെ.പി നേതാക്കള്‍ ജോസഫ് വിജയ് എന്ന് വിളിച്ച് അദ്ദേഹത്തെ അപമാനിച്ചതും വലിയ വിവാദമാണ് സൃഷ്ടിച്ചിരുന്നത്. സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് പൂരിപ്പിക്കേണ്ട ജാതിക്കോളത്തില്‍ ‘തമിഴന്‍’ എന്ന് രേഖപ്പെടുത്തിയ ഒരച്ഛന്റെ മകനാണ് വിജയ് എന്ന് ഓര്‍മ്മപ്പെടുത്തിയാണ് ഈ പ്രചരണത്തെ അന്ന് വിജയ് ആരാധകര്‍ നേരിട്ടിരുന്നത്.

പിന്നീട് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തിയും ദളപതിയെ കേന്ദ്രം വേട്ടയാടുകയുണ്ടായി. എന്നാല്‍ അവിടെയും ജയം താരത്തിനു തന്നെ ആയിരുന്നു. വിജയ് ഒരു രൂപയുടെ വെട്ടിപ്പ് നടത്തിയതായി പോലും കണ്ടെത്താന്‍ അരിച്ചു പെറുക്കിയിട്ടും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ നേരിട്ടെത്തി ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി മടങ്ങുകയാണുണ്ടായത്. ഷൂട്ടിങ്ങ് പോലും തടസ്സപ്പെടുത്തി അരങ്ങേറിയ പക വീട്ടലിനാണ് അതോടെ തിരശ്ശീല വീണിരുന്നത്. ഈ കാര്യങ്ങളെല്ലാം മറന്ന് ദളപതിയുമായി ഒരു കൂട്ട് കെട്ടിനാണ് ബി.ജെ.പി ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇതിന് വേദി ഒരുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങുമെന്നാണ് സൂചന. വിജയ് അനുകൂലമായി പ്രതികരിച്ചാല്‍ മോദിയും അമിത് ഷായും തന്നെ നേരിട്ട് രംഗത്തിറങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

കോണ്‍ഗ്രസ്സിലും ഇതിനു സമാനമാണ് അവസ്ഥ. നിലവില്‍ ഡി.എം.കെ മുന്നണിയിലാണെങ്കിലും വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ അതിനോട് സഹകരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ തമിഴ്‌നാട് ഘടകത്തിന് താല്‍പ്പര്യം. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും പ്രിയവും ദളപതിയോട് തന്നെയാണ്. വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചാല്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ്സും മുന്‍ നിരയില്‍ തന്നെയുണ്ടാകും. അക്കാര്യവും ഏകദേശം ഉറപ്പായിട്ടുണ്ട്.

വിജയ് രാഷ്ട്രിയത്തില്‍ ഇറങ്ങിയാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ദ്രാവിഡ പാര്‍ട്ടികളെ ആയിരിക്കും. പുതിയ രാഷ്ട്രീയ സംസ്‌കാരം തന്നെ തമിഴക മണ്ണില്‍ കൊണ്ടുവരാന്‍ ദളപതിക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്. രാഷ്ട്രീയത്തെ സിനിമാ താരങ്ങള്‍ സ്വാധീനിക്കുന്ന സംസ്ഥാനമായതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. സിനിമാ താരങ്ങളായ എം.ജി.രാമചന്ദ്രനെയും ജയലളിതയെയും മുഖ്യമന്ത്രിയാക്കിയ നാടാണത്. എന്തു വേണമെങ്കിലും എപ്പോഴും സംഭവിക്കാം … അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും വില പിടിപ്പുള്ള താരമാണ് വിജയ്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയ്ക്ക് വിജയ് വാങ്ങുന്ന പ്രതിഫലം, നൂറു കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. സിംഗപ്പുര്‍, മലേഷ്യ, ശ്രീലങ്ക, യു.എ.ഇ, ചൈന, ജപ്പാന്‍, അമേരിക്ക, ബ്രിട്ടന്‍, തുടങ്ങി നിരവധി രാജ്യങ്ങളില്‍ പോലും വലിയ ആരാധകരുള്ള താരമാണ് വിജയ്. ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ അടിത്തറ ദളപതിക്കുണ്ട്. എന്തിനേറെ കേരളത്തില്‍ പോലും വിജയ് ഫാന്‍സ് വളരെ ശക്തമാണ്. ഇതു തന്നെയാണ് ദളപതിയുടെ താരമൂല്യവും വര്‍ദ്ധിപ്പിക്കുന്നത്. തമിഴകത്തെ വില്ലേജുകളില്‍ പോലും വിജയ് ഫാന്‍സ് വളരെ ശക്തമാണ്. അവര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളും സമാനതകളില്ലാത്തതാണ്. തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ലൊരു പങ്കും കാരുണ്യ പ്രവര്‍ത്തനത്തിനായാണ് വിജയ് ചിലവഴിക്കുന്നത്. ഇങ്ങനെ കെട്ടിപ്പൊക്കിയ അടിത്തറ ശക്തമായതിനാലാണ് അദ്ദേഹത്തിന്റെ ‘പടം’ ഉയര്‍ത്തി കാട്ടിയ മാത്രയില്‍ ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് സ്വന്തമായി കൊടിയുള്ള ഏക ഫാന്‍സ് സംഘടനയും ദളപതിയുടേത് മാത്രമാണ്. തൂവെള്ള കൊടിയില്‍ മാത്രമല്ല തമിഴക മനസ്സില്‍ തന്നെയാണ് ആ മുഖം ഇപ്പോള്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നത്. തദ്ദശ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കപ്പെട്ടതും അതു തന്നെയാണ്.. ഇനി അറിയേണ്ടത് ദളപതിയുടെ അടുത്ത ലക്ഷ്യമാണ്. എം.ജി ആറിന്റെ പിന്‍ഗാമിയായി താര സിംഹാസനത്തില്‍ നിന്നും ജനകീയ ‘സിംഹാസനത്തില്‍’ അദ്ദേഹം എത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിജയ് മാത്രമാണ്. ആ തീരുമാനത്തിനായാണ് ലക്ഷക്കണക്കിനു വരുന്ന അദ്ദേഹത്തിന്റെ ആരാധകരും ഇപ്പോള്‍ കാത്തിരിക്കുന്നത്.

EXPRESS KERALA VIEW

Top