കൊൽക്കത്ത: കോൺഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലെ അധികാരം നഷ്ടമായതിനു പിന്നാലെ നിർണായക നീക്കവുമായി തൃണമൂൽ കോൺഗ്രസ്. ഇന്ത്യ സഖ്യ നേതൃത്വം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നല്കണമെന്ന പരോക്ഷ സൂചനയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
ബിജെപിയെ തോല്പിച്ച ചരിത്രമുള്ളവർക്ക് നേതൃ സ്ഥാനം നല്കണമെന്നാണ് തൃണമൂൽ പറയുന്നത്. പാർട്ടിയുടെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപി വിരുദ്ധ സഖ്യത്തിന് നേതൃത്വം നൽകേണ്ടത് ബിജെപിയെ പല തവണ തോൽപ്പിച്ച് പരിചയമുള്ള ആളായിരിക്കണമെന്നാണ് മുഖപ്രസംഗത്തിലുള്ളത്.
ബിജെപിക്കെതിരെ ധീരമായി പോരാടുന്നതും ഓരോ തവണയും ജയിക്കുന്നതും തൃണമൂലാണെന്ന് കോൺഗ്രസ് ഓർക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരു ഡസൻ ബിജെപി നേതാക്കളും ബംഗാളിൽ പ്രചാരണം നടത്തിയെങ്കിലും മമത ബാനർജിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അവർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഗീബൽസിയൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നത് എന്നും എഡിറ്റോറിയലിൽ പറയുന്നു.
കോൺഗ്രസ് തങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രാദേശിക നേതാക്കൾക്ക് അർഹമായ ബഹുമാനം നൽകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് വിളിച്ച ഇന്ത്യാ സഖ്യ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും തൃണമൂൽ നേതാക്കൾ പ്രതികരിച്ചു.