‘ഐ.ഒ.എസ് 17’ ലഭിക്കാത്തവര്‍ ഇനി ആശങ്കപ്പെടേണ്ടതില്ല; പുതിയ അപ്‌ഡേറ്റുമായി ആപ്പിള്‍

ഫോണിന്റെ പുതിയ സീരിസിന് പിന്നാലെ എത്തിയ ‘ഐ.ഒ.എസ് 17’ ഹീറ്റിങ് പ്രശ്‌നങ്ങളും, ചില ബഗ്ഗുകളും കൊണ്ട് വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ പരിഹാരമായി കമ്പനി ഒന്നിലധികം അപ്‌ഡേറ്റുകള്‍ നല്‍കുകയാണ് ചെയ്തത്. ഏറ്റവും ഒടുവിലായി ഐ.ഒ.എസ് 17.0.3 എന്ന വേര്‍ഷനാണ് ആപ്പിള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഏറെ ഫീച്ചറുകളുമായി പുതിയ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചെങ്കിലും, ഇപ്പോഴും ഐ.ഒ.എസ് 16 പതിപ്പിലുള്ളവരെ ആപ്പിള്‍ കൈവിട്ടിട്ടില്ല. അവര്‍ക്കായി ഐ.ഒ.എസ്16.7.1 എന്ന അപ്‌ഡേറ്റുമായാണ് കമ്പനിയിപ്പോള്‍ എത്തിയിരിക്കുന്നത്.

ഐഫോണിലെ കേര്‍ണലുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ ഈ അപ്‌ഡേറ്റ് പരിഹരിച്ചിട്ടുണ്ട്. ഐ.ഒ.എസ് 17-ലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത എല്ലാവരും പുതിയ 16 പതിപ്പിലുള്ള അപ്‌ഡേറ്റ് ചെയ്യുന്നതാണ് ഉചിതം. ഐഫോണ്‍ 8 മുതലുള്ള എല്ലാ മോഡലുകളിലും പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട് പഴയ ഐഫോണ്‍ യൂസര്‍മാര്‍ക്കും, പുതിയ ഐഫോണില്‍ ഐ.ഒ.എസ് 17 ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ക്കും വേണ്ടിയാണ് ഐ.ഓ.എസ് 16.7.1 അവതരിപ്പിച്ചത്. സെക്യൂരിറ്റി അപ്‌ഡേറ്റായ ഐ.ഓ.എസ് 16.7.1-ല്‍ ബഗ് ഫിക്‌സുകളും ഉള്‍പ്പെടുന്നുണ്ട്. .

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ്, ഐഫോണ്‍ എക്‌സ് ആര്‍, ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ് എസ് മാക്‌സ്, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ 13 സീരീസ്, ഐഫോണ്‍ 14 സീരീസ്, ഐഫോണ്‍ 15 സീരീസ് എന്നിവക്കെല്ലാം തന്നെ പുതിയ ഐ.ഒ.എസ് 16.7.1 ലഭിക്കും. ഫോണിലെ സെറ്റിങ്‌സ് ആപ്പ് തുറന്ന് ജനറല്‍ സെറ്റിങ്‌സില്‍ പോയാല്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് (സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ്) എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ അപ്‌ഡേറ്റ് ദൃശ്യമാകും.

Top