കുത്തേറ്റ് രക്തത്തില്‍ കുളിച്ച യുവാവ് വെള്ളത്തിനായി യാചിച്ചു, കണ്ടുനിന്നവര്‍ ഫോണില്‍ പകര്‍ത്തി

ന്യൂഡല്‍ഹി: അപകടങ്ങളില്‍ രക്ഷകനാകാതെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാനുള്ള വികല ചിന്ത ഇന്നത്തെ സമൂഹത്തിന്റെ പ്രത്യേകതയാണ്.

ഇങ്ങനെയുള്ള നിരവധി വാര്‍ത്തകള്‍ ദിനംപ്രതി എത്തുന്നുണ്ടെങ്കിലും ചിന്തയില്‍ മാറ്റം വരുത്താന്‍ മനുഷ്യര്‍ക്ക് ഇന്നുവരെ സാധിച്ചിട്ടില്ലെന്നുള്ളതിന് തെളിവായി ഡല്‍ഹിയില്‍ നിന്നും പുതിയ റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹിയിലെ വിഷ്ണുഗാര്‍ഡനിലുള്ള റോഡില്‍ വെച്ചാണ് മനസ്സ് മരവിപ്പിക്കുന്ന ക്രൂരത നടമാടിയത്.

വെല്‍ഡറായ അക്ബര്‍ അലി(25)യെ ജനമധ്യത്തില്‍ നാല് പേര്‍ ചേര്‍ന്ന് കത്തികൊണ്ട് ആക്രമിച്ചു.

രണ്ട് കത്തികള്‍ അക്ബറിന്റെ ശരീരത്തില്‍ തറഞ്ഞിരുന്നു. ഒരെണ്ണം അയാള്‍ തന്നെ വലിച്ചൂരി. രണ്ടാമത്തേത് ഊരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തിരക്കുള്ള റോഡില്‍ ചോരയില്‍ കുളിച്ച് കിടന്ന അക്ബറിനെ ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല.

വെള്ളത്തിനായി പലരോടും യാചിച്ചെങ്കിലും പലരും തങ്ങളുടെ മൊബൈല്‍ ഫോണില്‍ അക്ബറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു

പിന്നീട്, സമീപത്തുള്ള പിസിആര്‍ വാഹനത്തില്‍ നിന്നും ലഭിച്ച സന്ദേശപ്രകാരം പൊലീസെത്തിയാണ് അക്ബറിനെ ഡിഡിയു ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ബുധനാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

അവസാന ശ്വാസം വരെ അവന്‍ പോരാടി, സഹായത്തിനായി അവന്‍ പലരോടും യാചിച്ചു, എന്നാല്‍ എല്ലാവരും അവന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തതെ്ന്ന് അക്ബറിന്റെ സഹോദരന്‍ നജാരെ ഇമാം പറഞ്ഞു.

അക്ബര്‍ ഒരു ക്രിമിനല്‍ ആണെന്നാണ് പൊലീസ് ഭാഷ്യം. അയാളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു എന്നും പൊലീസ് ആരോപിച്ചു.

സംഭവത്തില്‍ വെല്‍ഡറായ മൊബദ് ഷുബാന്‍, പെയിന്ററായ മോഹദ് അഫ്‌സല്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തങ്ങളുടെ പണം അക്ബര്‍ പിടിച്ചുപറിച്ചതായാണ് ഇവര്‍ പറയുന്നത്, പണം തിരികെ ചോദിച്ചെങ്കിലും തിരികെ നല്‍കാന്‍ തയ്യാറായില്ല. ആദ്യം അക്ബറാണ് തങ്ങളെ ആക്രമിച്ചതെന്നും അപ്പോഴാണ് തങ്ങള്‍ തിരികെ ആക്രമിച്ചതെന്നും പ്രതികള്‍ പറഞ്ഞു.

Top