ഗാസയില്‍ തുടരുന്നവരെ ഹമാസായി കണക്കാക്കും; ബോംബാക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍. ഗാസാ മുനമ്പില്‍ ബോംബാക്രമണം കൂടുതല്‍ കടുപ്പിക്കും. ഇനിയും ഗാസയില്‍ തുടരുന്നവരെ ഹമാസായി കണക്കാക്കും.

മുന്നറിയിപ്പിനു പിന്നാലെ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ലഘുരേഖകള്‍ വിതറി. ലബനന്‍ അതിര്‍ത്തിയിലും യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഗാസ മുനമ്പില്‍ കടന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹിസ്ബുല്ല അറിയിച്ചു. ഇസ്രയേലിന്റെ ആളില്ലാവിമാനത്തിനു നേരെ ഹിസ്ബുല്ല മിസൈല്‍ തൊടുത്തു.യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികര്‍ ഇറങ്ങിക്കഴിഞ്ഞെന്ന് ഉന്നത നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4400 കടന്നു. ഇന്നലെയും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു. വീടുകള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 50 പേര്‍ കൂടി കൊല്ലപ്പെട്ടു. പിന്നാലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസിന്റെ റോക്കറ്റാക്രമണവുമുണ്ടായി.

പലസ്തീനിലെ ഭരണസിരാകേന്ദ്രമായ വെസ്റ്റ് ബാങ്കിലേക്കും അക്രമണം.വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം ആരോപിച്ചു. വെസ്റ്റ് ബാങ്കിലെ ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തെന്നാണ് പുറത്തുവരുന്ന വിവരം.

Top