ഗാസയില്‍ ആദ്യ സഹായം എത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍. ഗാസാ മുനമ്പില്‍ ബോംബാക്രമണം കൂടുതല്‍ കടുപ്പിക്കും. ഇനിയും ഗാസയില്‍ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരുമെന്ന് ലബനന്‍ ആസ്ഥാനമായ ഹിസ്ബുല്ല തിരിച്ചടിച്ചു. യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികര്‍ ഇറങ്ങിക്കഴിഞ്ഞെന്ന് ഉന്നത നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു.
പതിനാല് ദിവസത്തിന് ശേഷം ഗാസയിലേക്ക് സഹായമെത്തുകയും രണ്ട് അമേരിക്കന്‍ ബന്ധികളെ മോചിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ യുദ്ധത്തിന് നേരിയ അയവ് വന്നേക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വിട്ടുവീഴ്ചയില്ലെന്ന് ഇസ്രയേല്‍ വ്യക്തമാകിയത്. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഹമാസ് മോചിപ്പിച്ച വനിതകളോട് വീഡിയോ കോളിലൂടെ സംസാരിച്ചു.
ഗാസയിലെ സംഘര്‍ഷം തടയാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും ഐക്യരാഷ്ട്ര സഭ രക്ഷാ കൗണ്‍സിലിന് കഴിയാത്തതില്‍ സൗദി അറേബ്യ നിരാശ പ്രകടിപ്പിച്ചു. കെയ്‌റോയിലെ സമാധാന ഉച്ചകോടിയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. സംഘര്‍ഷം ഒഴിവാക്കാനും, മാനുഷിക ഇടനാഴി ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണം എന്നും സൗദി ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യ സമാധാന ഉച്ചകോടിയില്‍ പങ്കെടുത്തത്. യു എന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പടെ മേഖലയിലെ പ്രധാന രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടിയില്‍, നിര്‍ണായക പ്രഖ്യാപനങ്ങളോ ഉടമ്പടികളോ ഉണ്ടായില്ല.