ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കില്ല.

സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരുടെ നിലപാടുകളില്‍ വ്യത്യസ്ത വീക്ഷണമുള്ളപ്പോള്‍പ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലര്‍ത്തിയ പാരമ്പര്യമാണു നമ്മുടെ നാടിനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതു സമൂഹത്തില്‍ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും അവര്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തുന്നതും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top