അനുമതി ലഭിച്ചെങ്കിലും ആലപ്പുഴയില്‍ കള്ള്ഷാപ്പുകള്‍ തുറക്കുന്നത് മെയ് 20ന്

ആലപ്പുഴ: കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ആലപ്പുഴയില്‍ ഷാപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുക മെയ് 20 മുതലെന്ന് തീരുമാനം. ടോഡി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം. 20 ന് മുമ്പ് പാലക്കാട് ജോലി ചെയ്യുന്ന തൊഴിലാളികളെ തോട്ടങ്ങളില്‍ എത്തിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

കള്ളിന്റെ ലഭ്യത കുറവും വൃക്ഷകരം അടക്കാന്‍ കഴിയാത്തതും പെര്‍മിറ്റ് ലഭിക്കാത്തതുമാണ് ഷാപ്പുകളുടെ പ്രവര്‍ത്തനത്തിന് തടസമായിരിക്കുന്നത്. തെങ്ങുകള്‍ കള്ള് ഉത്പാദനത്തിനായി ഒരുക്കി എടുക്കുന്നതിന് സമയം ആവശ്യമാണെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. വിവിധ താലൂക്കുകളിലായി 452 ഷാപ്പുകളാണ് ജില്ലയില്‍ ഉള്ളത്.

സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും കള്ള് ലഭ്യതയിലെ കുറവും ലൈസന്‍സ് സംബന്ധിച്ച പ്രശ്‌നങ്ങളും കാരണം ആദ്യദിനം മിക്ക ഷാപ്പുകളും തുറന്നില്ല.ഒന്നര മാസത്തിലധികമായി അടഞ്ഞു കിടന്നിരുന്ന കള്ള് ഷാപ്പുകള്‍ രാവിലെ ഒന്‍പതു മണിക്ക് തുറക്കുമെന്നറിഞ്ഞ് നേരത്തെ തന്നെ ആളുകള്‍ ക്യൂവിലെത്തിയിരുന്നു.

Top