ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം. ആയിരത്തോളം പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഭൂരിഭാഗം പേരും വീട്ടില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. അഡീഷണല്‍ കമ്മീഷണറും വക്താവുമായ ചിന്‍മോയ് ബിസ്വാള്‍ ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. രോഗബാധിതരില്‍ ഭൂരിഭാഗവും വീടുകളില്‍ നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡെപ്യൂട്ടി വക്താവ് അനില്‍ മിത്തല്‍ പറഞ്ഞു.
ഗുരുതരാവസ്ഥയിലായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അനില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ സേനയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം കൂടിയാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രോഹിണിയിലും ഷഹ്ദരയിലും യഥാക്രമം എട്ട് വെല്‍നസ് സെന്ററുകളും രണ്ട് കോവിഡ് കെയര്‍ സെന്ററുകളും പൊലീസിനായി മാറ്റിവെച്ചിട്ടുണ്ട്.
പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരും യൂണിറ്റ് മേധാവികളും ഉള്‍പ്പെടുന്ന നോഡല്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ ഇന്‍സ്‌പെക്ടര്‍ അല്ലെങ്കില്‍ അതിനു മുകളിലുള്ള റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഉദ്യോഗസ്ഥരെയോ അവരുടെ ബന്ധുക്കളെയോ, അവര്‍ രോഗമുക്തി നേടുന്നതു വരെ പതിവായി സന്ദര്‍ശിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു ഔട്ട്‌സ്‌റ്റേഷന്‍ കേസിന്റെ സാഹചര്യത്തില്‍, രോഗിയായ വ്യക്തിയുമായോ അവരുടെ കുടുംബാംഗങ്ങളുമായോ ഒരു വീഡിയോ കോണ്‍ഫറന്‍സ് ഉറപ്പ് വരുത്തണം, രോഗിയുടെ ആരോഗ്യത്തെക്കുറിച്ച് പതിവായി ഫീഡ്ബാക്ക് എടുക്കണമെന്നും ഡിസംബര്‍ അവസാനം പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
നോഡല്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, പ്രതിരോധ മരുന്നുകള്‍ എന്നിവയുടെ സ്‌റ്റോക്ക് എടുക്കുകയും അത്തരം എല്ലാ ഉപകരണങ്ങളും ഉപയോഗത്തിനായി സജ്ജീകരിക്കുകയും വേണമെന്നും കുറിപ്പിലുണ്ട്.