ഹൂസ്റ്റണ്‍: തോക്ക് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ വന്‍ പ്രതിഷേധറാലി.വാഷിങ്ങ്ടണില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ആഞ്ചലസ് എന്നിങ്ങനെ വിവിധയിടങ്ങളിലായി 800-ലേറെ ചെറു റാലികളും സംഘടിപ്പിച്ചിരുന്നു.
തോക്ക് നിയന്ത്രണത്തിനുള്ള നടപടികള്‍ വൈകാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പ്രതിഷേധറാലികള്‍ നടന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14-നാണ് ഫ്‌ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡ് ഹൈസ്‌കൂളില്‍ വെടിവയ്പുണ്ടായത്. സംഭവത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിലെ വെടിവയ്പിനു ശേഷം കഴിഞ്ഞ ദിവസം മേരിലാന്‍ഡിലും വെടിവയ്പുണ്ടായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ തള്ളിയും ചില കോണുകളില്‍നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. വെടിവെച്ചാല്‍ തിരിച്ച് വെടിവയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ തോക്ക് നിയന്ത്രിക്കുകയല്ല വേണ്ടതെന്നുമാണ് തോക്ക് നിയന്ത്രണത്തെ എതിര്‍ക്കുന്നവരുടെ വാദം.