ആസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന്റെ പാര്‍ശ്വഫലങ്ങള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ആയിരങ്ങള്‍. വാക്‌സിന്‍ കുത്തിവയ്പ്പിനെ തുടര്‍ന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പതിനായിരത്തിലേറെപേര്‍ നഷ്ടപരിഹാരം ചോദിച്ച് രംഗത്തെത്തിയതെന്ന് ആസ്‌ട്രേലിയന്‍ മാധ്യമമായ ‘സിഡ്‌നി മോണിങ് ഹെറാള്‍ഡ്’ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരാതി യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിച്ചാല്‍ ഓസീസ് ഭരണകൂടത്തിന് 50 മില്യന്‍ ആസ്‌ട്രേലിയന്‍ ഡോളര്‍(ഏകദേശം 270 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. ഓസീസ് സര്‍ക്കാരിന്റെ കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഏകദേശം 3.68 കോടി പേര്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്. ഇതില്‍ 79,000 പേര്‍ക്ക് കുത്തിവയ്‌പ്പെടുത്ത ശേഷം വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടായതായി ആസ്‌ട്രേലിയയുടെ തെറപീറ്റിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു.
കൈവേദന, തലവേദന, പനി, ജലദോഷം അടക്കമുള്ള രോഗങ്ങളാണ് കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫൈസര്‍ വാക്‌സിനെടുത്ത 300ഓളം പേര്‍ക്ക് നെഞ്ചെരിച്ചില്‍, ആസ്ട്രസെനെക്ക വാക്‌സിനെടുത്ത 160 പേര്‍ക്ക് രക്തം കട്ടപിടിക്കുന്നതടക്കമുള്ള അസുഖങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാക്‌സിനേഷന്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഒന്‍പതുപേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും 65 വയസ് കഴിഞ്ഞവരാണ്.
വാക്‌സിനെടുത്ത ശേഷമുണ്ടായ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ചെലവായ തുക ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ നഷ്ടപരിഹാര പദ്ധതിയില്‍ പതിനായിരത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ പരാതിക്കാരനും സര്‍ക്കാര്‍ 5,000 ആസ്‌ട്രേലിയന്‍ ഡോളര്‍(ഏകദേശം 2,72,972 രൂപ) നല്‍കേണ്ടിവരും.