മനില : തെക്കൻ ഫിലിപ്പീന്‍സില്‍ നാശം വിതച്ച ടെംബിന്‍ കൊടുങ്കാറ്റിനുശേഷം അഭയ കേന്ദ്രങ്ങളിൽ ക്രിസ്തുമസ് ദിനവുമായി ആയിരക്കണക്കിന് ഗ്രാമീണർ.
ഈ വർഷം രാജ്യത്ത് ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ടെംബിന്‍. ടെംബിന്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സില്‍ ശക്തമായ മണ്ണിടിച്ചിലും, വെള്ളപ്പൊക്കവും സൃഷ്ടിച്ചിരുന്നു.
കൊടുങ്കാറ്റിലും പേമാരിയിലും മരിച്ചവരുടെ എണ്ണം 230 ആയി. ഈ മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്.
ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപാണ് കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ കാറ്റടിച്ചത്.
ഞങ്ങളുടെ ജനങ്ങൾ ക്രിസ്തുമസ് ദിനം അഭയ കേന്ദ്രങ്ങളിൽ ചിലവഴിക്കേണ്ടി വന്നതിൽ അതീവ ദുഖമുണ്ടെന്ന് സർക്കാരിന്റെ ദുരന്ത നിവാരണ ഏജൻസി വ്യക്താവ് മറീന മലാസിഗൻ പറഞ്ഞു.
ശക്തമായ മഴ ഉണ്ടായതിനാൽ വെള്ളപ്പൊക്കമുണ്ടാകുകയും, ഈ വെള്ളത്തെ തടഞ്ഞു നിർത്താൻ സ്വാഭാവികമായി നിർമ്മിച്ച അണക്കെട്ടുകൾക്ക് സാധിക്കാതെ വന്നതിനാൽ അണക്കെട്ടുകൾ തകർന്നുവെന്നും , അതിനാലാണ് താഴ്ന്ന ഗ്രാമ പ്രദേശങ്ങൾ വെള്ളത്തിനടിയിലായതെന്നും അധികൃതർ വ്യക്തമാക്കി.
കൊടുങ്കാറ്റിനെ തുടർന്ന് ആയിരക്കണക്കിന് ഗ്രാമീണർ അടിയന്തിരമായി അഭയ കേന്ദ്രങ്ങളിലേയ്ക്ക് മാറി താമസിച്ചിരുന്നു.
എയർപോർട്ടുകളിലും തുറമുഖങ്ങളിലും നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. ശനിയാഴ്ചയുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെട്ടിരുന്നു.
ഫിലിപ്പീൻസിന്റെ ഏറ്റവും വലിയ ദുരന്തമാണ് ടെംബിന്‍ കൊടുങ്കാറ്റ്. അപകടങ്ങൾ ഒഴിവാക്കാൻ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഭയ കേന്ദ്രങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും , മറ്റ് അവശ്യവസ്തുക്കളും സർക്കാർ എത്തിച്ചു നൽകിയിട്ടുണ്ട്.