ആലുവ: പിതൃപുണ്യം തേടി ആലുവയില്‍ ആയിരങ്ങള്‍ ഇന്ന് ബലിതര്‍പ്പണം നടത്തി. കര്‍ക്കടക വാവിനോട് അനുബന്ധിച്ച് ബലിതര്‍പ്പണത്തിന് പതിവിലും അധികം ഭക്തജനത്തിരക്കാണ് ഇക്കുറി ആലുവയില്‍ അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടുമണി വരെ ദര്‍പ്പണ ചടങ്ങുകള്‍ തുടരും.
പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. രാവിലെ പത്തോടെയാണ് വാവ് തുടങ്ങിയെങ്കിലും പുലര്‍ച്ചെ തന്നെ ബലിദര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മഴമാറി നില്‍ക്കുന്നതിനാല്‍ കര്‍മങ്ങള്‍ തടസമില്ലാതെ നടക്കുകയാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നൂറിലധികം ബലിത്തറകളാണ് ഇക്കുറി മണപ്പുറത്ത് ഭക്തര്‍ക്കായി ഒരുക്കിയത്. ദര്‍പ്പണത്തിനായി എത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.