തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനകുടിശ്ശികയും 50 അധിക തൊഴില്‍ദിനവും അനുവദിച്ചു

തൊഴിലുറപ്പ് പദ്ധതിയില്‍ 50 അധിക തൊഴില്‍ദിനം കൂടി കേന്ദ്രം അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍. കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധിക തൊഴില്‍ദിനം അനുവദിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വര്‍ഷം 100 തൊഴില്‍ദിനമാണ് അനുവദിക്കുക. എന്നാല്‍, പ്രകൃതിദുരന്തം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് 50 ദിവസത്തെ അധിക തൊഴില്‍ദിനം അനുവദിക്കും എന്നാണ് അറിയുന്നത്.

2018ല്‍ കേരളത്തെ മുക്കിയ മഹാപ്രളയം ഉണ്ടായപ്പോഴും ഇത്തരത്തില്‍ 50 തൊഴില്‍ദിനം അധികം അനുവദിച്ചിരുന്നു. ഇതിപ്പോള്‍ 2019ല്‍ പേമാരിയും ഉരുള്‍പൊട്ടലുമുണ്ടായതിനെ തുടര്‍ന്ന് കേരളം വീണ്ടും അപേക്ഷിച്ചു. എന്നാല്‍, മൂന്നര മാസം അപേക്ഷ പരിഗണിച്ചില്ല. നിയമപ്രകാരം ആറുദിവസം തൊഴിലെടുത്താല്‍ ഒരുദിവസം അവധിയാണ്. ഇതോടെ അവശേഷിക്കുന്ന 61 ദിവസത്തില്‍ എത്രപേര്‍ക്ക് 50ദിവസം തൊഴില്‍കിട്ടുമെന്ന് ഒരുറപ്പുമില്ല.

അതേസമയം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനകുടിശ്ശിക അനുവദിച്ചു. നേരത്തെ അനുവദിച്ച 832 കോടി രൂപ തിരിച്ചെടുത്തത് വിവാദമായതോടെയാണ് വീണ്ടും കുടിശ്ശിക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ 15 മുതല്‍ ജനുവരി 15വരെയുള്ള കൂലിയിനത്തിലെ 832 കോടി രൂപയാണ് അനുവദിച്ചത്.

Top