ആലപ്പുഴ: ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് കായംകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. കായംകുളം പട്ടോളി മാര്‍ക്കറ്റ് സ്വദേശിനിയായ രാധാമണിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നാട്ടിലെ ബ്ലേഡ്‌സംഘത്തില്‍നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പലിശയും കൂട്ടുപലിശയും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപ തിരിച്ചടയ്‌ക്കേണ്ടതായുണ്ടായിരുന്നു.
ഇതില്‍ മുടക്കം വന്നതോടെ ഇന്നലെ വൈകീട്ട് മൂന്നുപേരടങ്ങുന്ന വനിതാ സംഘം രാധാമണിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. നാട്ടുകാരുടെയും പെണ്‍മക്കളുടെയും മുന്നില്‍ വച്ച് അപമാനിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി.
ബ്ലേഡ് മാഫിയയിലെ പ്രധാനികളായ പുതിയവിള സ്വദേശി ജയ, ഇവരുടെ സഹോദരി എന്നിവര്‍ക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു.