ന്യൂഡല്‍ഹി: നാഗ്പൂര്‍ സര്‍വകലാശാലയില്‍ നാളെ പോകുമെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ആര്‍എസ്എസ് -എബിവിപി ഭീഷണിയെ തുടര്‍ന്ന് നാഗ്പൂര്‍ സര്‍വകലാശാലയില്‍ യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി വൈസ്ചാന്‍സിലര്‍ വിലക്കിയ സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
മാര്‍ച്ച് 18ന് സര്‍വകലാശാലയിലെ അംബേദ്കര്‍ വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജനാധിപത്യവും അതിന്റെ മൂല്യങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനാണ് യെച്ചൂരിയെ ക്ഷണിച്ചിരുന്നത്.
വി സിയുടെ നടപടിക്കെതിരെ സംഘാടകരും എഴുത്തുകാരും ചിന്തകരും രംഗത്തെത്തിയിട്ടുണ്ട്. പരിപാടി നടത്താന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് മാറ്റിവെക്കുന്നതായി വി സി അറിയിച്ചത്.
എന്നാല്‍ സര്‍വകലാശാലയിലെ ക്രമസമാധാനം തകര്‍ക്കാതിരിക്കാനാണ് യെച്ചൂരിയെ വിലക്കിയതെന്ന് വൈസ് ചാന്‍സലര്‍ എസ് പി കാനെ പറഞ്ഞു. ഇതിനുപിന്നില്‍ ഭരണപരമായ തീരുമാനമാണെന്നും മാധ്യമങ്ങളെ അറിയിക്കാന്‍ താല്‍പര്യമില്ലെന്നും വിസി പ്രതികരിച്ചു. വിസിയെ ഭീഷണിപ്പെടുത്തിയാണ് എബിവിപി പ്രവര്‍ത്തകര്‍ പരിപാടി റദ്ദാക്കിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ഭീഷണിയുണ്ടാക്കിയ മാനസിക പിരിമുറുക്കത്തിലാണ് വിസി എന്നും ഇവര്‍ പറഞ്ഞു.
യെച്ചൂരി പരിപാടിയില്‍ പങ്കെടുത്താല്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്നും മറ്റുമുളള ഭീഷണികള്‍ എബിവിപിയില്‍ നിന്നും ഉണ്ടായതായി വിസിയെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് നിതിന്‍ റൗത് പറഞ്ഞു. ഇരുപത്തിയഞ്ച് വര്‍ഷമായി പാര്‍ലമെന്റേറിയനായ യെച്ചൂരി തീവ്രവാദിയോ രാജ്യദ്രോഹിയോ അല്ലെന്നും അറിയപ്പെടുന്ന ചിന്തകന്‍ കൂടിയാണെന്നും അങ്ങനെയൊരാളെ വിലക്കുന്നത് ശരിയല്ലെന്നും റൗത് അറിയിച്ചു.