തിരുവനന്തപുരം: പയ്യന്നൂരിലെ കൊലപാതകത്തിന്റെ മറവിൽ ഗവർണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്ര ഭരണ ഇടപെടൽ നടത്തിക്കാനുള്ള ബിജെപി ശ്രമം അത്യന്തം ഹീനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ബിജെപിയുടെ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയ ഗവർണറുടെ നടപടിയെ ആരും പഴിക്കില്ല. അതിനപ്പുറം നീങ്ങാൻ ഗവർണറെ ഭരണഘടന അനുവദിക്കുന്നുമില്ല. പല വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുള്ള സൈനിക നിയമമായ അഫ്സ്പ കണ്ണൂരിൽ നടപ്പാക്കണമെന്ന ബിജെപി ആവശ്യം സാമാന്യബോധമുള്ള ആരും മുഖവിലയ്ക്കെടുക്കില്ല. പട്ടാള നിയമം നടപ്പാക്കേണ്ട വിധത്തിൽ കേരളത്തിലൊരിടത്തും ക്രമസമാധാന നില തകർന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
കണ്ണൂരിൽ സമാധാനം പുലരുന്നതിനാണ് സിപിഎം നിലകൊള്ളുന്നത്. ആത്മസംയമനം പാലിച്ച് സമാധാനത്തിന് വേണ്ടി നിലകൊള്ളണമെന്നും കോടിയേരി പ്രവർത്തകരോട് അഭ്യർഥിച്ചു.