Threats from terrorists-Y-category security-bjp leaders

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ.

കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കിവരുന്ന സുരക്ഷയാണ് വൈ കാറ്റഗറി സുരക്ഷ. സംസ്ഥാന ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളത്തിലെത്തി പരിശോധന നടത്തിയതിന് ശേഷമാണ് നാല് പേര്‍ക്കും സിആര്‍പിഎഫ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഡിസംബര്‍ പത്തിന് കേരളത്തിലെത്തിയാണ് കേന്ദ്ര സംഘം സ്ഥിതിഗതികള്‍ വീക്ഷിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.

സിആര്‍പിഎഫ് സെക്യൂരിറ്റി വിംഗിന്റെ ചീഫിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിന്റെ ചീഫ് പ്രോട്ടോകോള്‍ ഓഫീസറുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് ബിജെപി നേതാക്കന്മാര്‍ക്കും സിആര്‍പിഎഫിന്റെ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും, കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഈ നാല് പേര്‍ക്കും വധ ഭീഷണിയുണ്ടെന്നാണ് കേരള ഇന്റലിജന്‍സ് കേന്ദ്ര ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട്.

സിആര്‍പിഎഫിന്റെ മികച്ച പതിനൊന്ന് പേരുടെ സംഘമാണ് ഇരുപത്തിനാല് മണിക്കൂറും നാല് നേതാക്കന്മാര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുക. ഇതില്‍ രണ്ട് പേര്‍ മുഴുവന്‍ സമയവും നേതാക്കന്മാര്‍ക്കൊപ്പമുണ്ടാകും.

നാലുപേരുടേയും വീടും പരിസരവും നിരീക്ഷിച്ച് സുരക്ഷയുടെ രൂപരേഖ സിആര്‍പിഎഫ് ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ജനുവരി ആദ്യവാരത്തോടെയായിരിക്കും സുരക്ഷ ആരംഭിക്കുക.

Top