ചണ്ഡീഗഢില്‍ മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു; മേയര്‍ സ്ഥാനം ലക്ഷ്യം

ചണ്ഡിഗഡ്: ഇന്‍ഡ്യ മുന്നണിക്ക് വീണ്ടും തിരിച്ചടി. മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. എഎപി കൗണ്‍സിലര്‍മാരായ പൂനം ദേവി, നേഹ, ഗുര്‍ചരണ്‍ കല എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെ ബിജെപി നേതാവ് മനോജ് സൊന്‍കര്‍ മേയര്‍ സ്ഥാനം രാജിവച്ചെങ്കിലും മൂന്ന് എഎപി കൗണ്‍സിലര്‍മാരുടെ രാജി പ്രതിസന്ധി ഉയര്‍ത്തുന്നു. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വീണ്ടും മേയര്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി സഖ്യത്തിന് ജയിച്ചുകയറാന്‍ എളുപ്പമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

‘തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കുല്‍ദീപ് കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാവങ്ങള്‍ക്കും ദളിതര്‍ക്കും വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ആകര്‍ഷിക്കുന്നതാണ്’. ബിജെപിയില്‍ ചേരാനുള്ള കാരണമായി നേഹ മൂസാവത്ത് പറഞ്ഞ കാരണം ഇങ്ങനെ.

പാര്‍ട്ടിയില്‍ ചേര്‍ന്ന മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ കൂടി ചേരുമ്പോള്‍ ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണം 17 ആകും. ശിരോമണി അകാലിദളിന്റെ പിന്തുണയും ബിജെപിക്ക് ലഭിക്കും. ബിജെപിയുടെ ചണ്ഡിഗഡ് എംപി കിരണ്‍ ഖേറിന് എക്‌സ്-ഒഫീഷ്യോ അംഗം എന്ന നിലയില്‍ വോട്ടവകാശം ഉള്ളതിനാല്‍ ബിജെപിയുടെ അംഗബലം 19-ലേക്ക് എത്തും. എഎപിക്ക് പത്തും കോണ്‍ഗ്രസിന് ഏഴും കൗണ്‍സിലര്‍മാരാണ് കോര്‍പ്പറേഷനില്‍ ഉള്ളത്.

Top