എഐ ക്യാമറ വഴി ഇതുവരെ കണ്ടെത്തിയത് മൂന്നരലക്ഷം നിയമലംഘനങ്ങള്‍; മന്ത്രി ആന്റണി രാജു

രണങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് എഐ ക്യാമറ പദ്ധതിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊട്ടാരക്കാരയിലും നിലമേലും രണ്ടു ക്യാമറ കൂടി പ്രവര്‍ത്തന സജ്ജമായെന്നും മന്ത്രി വ്യക്തമാക്കി. എഐ ക്യാമറ പിഴ ചുമത്താന്‍ ആരംഭിച്ച ജൂണ്‍ 5ന് രാവിലെ 8 മണി മുതല്‍ ജൂണ്‍ 8 രാത്രി 11.59 വരെ 352730 നിയമലംഘനങ്ങള്‍ കണ്ടെത്തി. വെരിഫൈ ചെയ്തത് 80743 നിയമലംഘനങ്ങള്‍. ഇതുവരെ 10457 നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചു എന്നും ആന്റണി രാജു അറിയിച്ചു.

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 6153 പേര്‍ക്ക് പിഴ നോട്ടീസ് അയച്ചു. 7896 പേരെ കാറില്‍ ഡ്രൈവറെ കൂടാതെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ കണ്ടെത്തി. സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനങ്ങളില്‍ 56 നിയമലംഘനങ്ങള്‍ കണ്ടെത്തി. അതില്‍ 10 എണ്ണത്തിന് നോട്ടീസ് അയക്കും. ബാക്കി വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് വൈകിട്ട് പുറത്തു വിടും എന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഹെവി വെഹിക്കിള്‍ വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് മന്ത്രി അറിയിച്ചു. ബസുകള്‍ക്കും ഇത് ബാധകമാകും.

കേരളത്തില്‍ 12 പേരാണ് ശരാശരി ഒരു ദിവസം റോഡപകടത്തില്‍ മരിക്കുന്നത്. പദ്ധതിക്ക് ശേഷം അതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
ക്യാമറ സ്ഥാപിച്ച ശേഷം കഴിഞ്ഞ 4 ദിവസത്തില്‍ 28 മരണങ്ങള്‍ മാത്രമാണ് കേരളത്തില്‍ ഉണ്ടായത്. ശരാശരി കണക്കുകള്‍ പ്രകാരം 48 മരണങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പ്രവര്‍ത്തനം വിലയിരുത്തും. നിയമലംഘനങ്ങള്‍ വെരിഫൈ ചെയ്യാന്‍ ഉദ്യോഗസ്ഥരെ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി.

 

Top