ലക്നോ: ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്ത്തകന് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. അരവിന്ദ് സിംഗ്, ദിനേശ് സിംഗ്, സുനില്‍ കുമാര്‍ സിംഗ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവര്ത്തകന് രത്തന്‍ സിങിനെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. വാരണാസിക്ക് സമീപം ബലിയ ജില്ലയിലെ വീടിന് മുന്പില് ഇന്നലെ രാത്രിയാണ് സംഭവം.
വീടിന് സമീപത്ത് വെച്ചാണ് ഇന്നലെ രത്തന്‍ സിങിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തിന് തൊട്ട് മുന്‍പ് രത്തന്‍ സിങിന്റെ വീട്ടില്‍ നിന്നും 700 മീറ്റര്‍ അകലെയുള്ള വില്ലേജ് പ്രധാന്റെ വീടിന് മുന്പില് വെച്ച് മര്‍ദിക്കപ്പെട്ടെന്ന് പൊലീസ് പറയുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമികള്‍ വെടിവെച്ചത്. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.