യുക്രൈനിനെതിരെ റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കിക്ക് എതിരെ മൂന്ന് വധശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് . ബ്രിട്ടീഷ് മാധ്യമമായ ദി ടൈംസാണ് ഒരാഴ്ചക്കിടെ 3 വധശ്രമങ്ങള്‍ സെലന്‍സ്‌കി അതിജീവിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പ്രസിഡന്റിന് നേരെയുള്ള വധശ്രമത്തെക്കുറിച്ച് യുക്രൈന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതോടെ മൂന്നും പരാജയപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സെലെന്‍സ്‌കിയെ കൊലപ്പെടുത്താനായി ക്രെംലിന്‍ പിന്തുണയുള്ള വാഗ്‌നര്‍ സംഘവും, ചെച്ന്‍ പ്രത്യേക സേനയെയുമാണ് നിയോഗിച്ചതെന്നും ദി ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുക്രൈന്‍ പ്രസിഡന്റിനെ വധിക്കാനായി പ്രത്യേക വിഭാഗത്തെ അയച്ചിട്ടുണ്ടെന്ന് റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എഫ്.എസ്.ബി) ആണ് മുന്നറിയിപ്പ് നല്‍കിയതെന്നാണ് വിവരം. യുദ്ധത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് റഷ്യയുടെ സുരക്ഷാ വിഭാഗം (എഫ്.എസ്.ബി) ഈ വിവരം യുക്രൈനിന് കൈമാറിയത്.
ശനിയാഴ്ച കീവ് അതിര്‍ത്തിയില്‍വച്ച് വധശ്രമത്തിന് ശ്രമിച്ച സേനയെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും എഫ്എസ്ബിയുടെ സൂചനയ്ക്ക് ശേഷം യുക്രൈനിയക്കാര്‍ അവരുടെ നീക്കങ്ങള്‍ എത്ര കൃത്യമായി മനസ്സിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.