ലോകകപ്പ് അവസാനിച്ച് മൂന്ന് ദിവസത്തിനു ശേഷം, ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പര; സൂര്യകുമാര്‍ നയിച്ചേക്കും

ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 19ന് ലോകകപ്പ് അവസാനിച്ച് മൂന്ന് ദിവസത്തിനു ശേഷം, നവംബര്‍ 23ന് ആരംഭിക്കുന്ന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കും. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗങ്ങളില്‍ പലരും ഓസ്‌ട്രേലിയക്കെതിരെ കളിക്കുമെന്നും സൂചനയുണ്ട്.

ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ലോകകപ്പിനിടയില്‍ താരത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് സൂര്യയെ പരിഗണിക്കുകയായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളൊന്നും കളിക്കില്ല. ഇവര്‍ക്കൊപ്പം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിക്കും. ഇതോടെ വിവിഎസ് ലക്ഷ്മണാവും പരമ്പരയില്‍ ഇന്ത്യയുടെ പരിശീലകന്‍. മലയാളി താരം സഞ്ജു സാംസണൊപ്പം ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, ശുഭ്മന്‍ ഗില്‍, യുസ്വേന്ദ്ര ചഹാല്‍ തുടങ്ങിയ താരങ്ങള്‍ പരമ്പരയില്‍ കളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ലോകകപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു. പിച്ച് പരിശോധിച്ചപ്പോല്‍ അല്പം സ്ലോ ആണെന്ന് മനസിലായി. അത് പരിഗണിച്ച് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും രോഹിത് ശര്‍മ ഫൈനലിനു മുന്നോടി ആയുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

Top