കോഴിക്കോട്: കോഴിക്കോട് പാളയത്ത് ഓടയില്‍പെട്ട് മൂന്ന് മരണം. ഭൂഗര്‍ഭ അഴുക്ക് ചാലില്‍ അറ്റകുറ്റപ്പണിക്കിറങ്ങിയ രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളും രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവര്‍ കരുവിശേരി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പി. നൗഷാദുമാണ് അപകടത്തില്‍പ്പെട്ടു മരിച്ചത്.
ആന്ധ്രപ്രദേശ് സ്വദേശികളായ ഭാസ്‌കര്‍, നരസിംഹ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. അഴുക്കുചാലില്‍ ഓക്‌സിജന്റെ അളവ് കുറവായതാണ് മരണ കാരണം.
രാവിലെ 10.20 ഓടെയാണ് ദുരന്തമുണ്ടായത്. പാളയത്തിനു സമീപം ജയ ഓഡിറ്റോറിയത്തിനു മുന്നിലെ ഭൂഗര്‍ഭ ഓട വൃത്തിയാക്കാനാണ് കരാര്‍ തൊഴിലാളികളായ ആന്ധ്ര സ്വദേശികള്‍ എത്തിയത്.
ആദ്യം ഇറങ്ങിയ ആള്‍ കുടുങ്ങിയതു മനസിലാക്കി രണ്ടാമത്തെ തൊഴിലാളിയും ഓടയില്‍ ഇറങ്ങുകയായിരുന്നു. ഇരുവരും കുടുങ്ങിയതോടെ ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ നൌഷാദും കുഴിയില്‍ ശ്വാസംകിട്ടാതെ കുടുങ്ങി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി അരമണിക്കൂര്‍ നേരത്തെ ശ്രമഫലത്തിനു ഒടുവിലാണ് 12 അടി താഴ്ചയുള്ള കുഴിയില്‍ നിന്നും മൂവരെയും പുറത്തെത്തിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇവരെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വായുസഞ്ചാരം തീരക്കുറവുള്ള ഓടയില്‍ യാതൊരു സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെ തൊഴിലാളികള്‍ ഇറങ്ങിയതാണ് ദുരന്തത്തിനു കാരണമായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.